ദില്ലി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തേക്കുള്ള സ്വര്‍ണ ഇറക്കുമതിയില്‍ എട്ടു ശതമാനത്തിന്റെ കുറവ്. 2015 - 2016 സാമ്പത്തിക വര്‍ഷം ആകെ 31.72 ബില്യണ്‍ യുഎസ് ഡോളറിന്റെ സ്വര്‍ണമാണു രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്. മുന്‍ വര്‍ഷം ഇത് 34.38 ബില്യണ്‍ ഡോളറായിരുന്നു.

സ്വര്‍ണത്തിന്റെ വിലയില്‍ ആഗോളതലത്തില്‍ വലിയ ഇടിവുണ്ടായതും കറണ്ട് അക്കൗണ്ട് കമ്മി കുറച്ചു നിര്‍ത്താനുള്ള സര്‍ക്കാറിന്റെ നയങ്ങളുമാണു സ്വര്‍ണ ഇറക്കുമതി കുറയാന്‍ കാരണമായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ജ്വല്ലറി വ്യവസായത്തിനുള്ള ആവശ്യത്തിലേക്കാണ് ഇറക്കുമതിചെയ്യുന്ന സ്വര്‍ണത്തിന്റെ മുഖ്യ പങ്കും പോകുന്നത്. 

സ്വര്‍ണ ഇറക്കുമതിക്കു നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന സര്‍ക്കാര്‍ തീരുമാനം കറണ്ട് അക്കൗണ്ട് കമ്മി കുറച്ചിട്ടുണ്ട്. 2015 - 2016 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കറണ്ട് അക്കൗണ്ട് കമ്മി ജിഡിപിയുടെ 1.3 ശതമാനമായിരുന്നു. മുന്‍ വര്‍ഷം ഇതേകാലത്ത് 1.5 ശതമാനമായിരുന്നു ഇത്.