നവംബര്‍ മാസത്തില്‍ 119.2 ടണ്‍ സ്വര്‍ണ്ണമായിരുന്നു ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടത്. എന്നാല്‍ ഡിസംബറില്‍ ഇത് 54.1 ടണ്ണായും ജനുവരിയില്‍ 53.2 ടണ്ണായും കുറഞ്ഞു. 2016 ജനുവരിയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം 43 ശതമാനത്തിന്റെ കുറവാണ് ഇറക്കുമതിയില്‍ ഉണ്ടായിരിക്കുന്നത്. അപ്രതീക്ഷിതമായി 500, 1000 രൂപാ നോട്ടുകള്‍ വിപണയില്‍ നിന്ന് പിന്‍വലിച്ചതിലൂടെ വലിയ പണപ്രതിസന്ധിയാണ് രാജ്യത്തുണ്ടായത്. ഇത് സ്വര്‍ണ്ണമടക്കമുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയിലേക്കാണ് എത്തിച്ചത്.

നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനമുണ്ടായ നവംബറില്‍ സ്വര്‍ണ്ണത്തിന് വലിയ ഡിമാന്റാണ് ഉണ്ടായത്. കണക്കില്‍ പെടാതെയും നികുതി അടയ്ക്കാതെയും കൈയ്യില്‍ സൂക്ഷിച്ച പണം ജ്വല്ലറികളിലൂടെ വെളുപ്പിക്കാന്‍ നടന്ന ശ്രമമാണ് ഇതിന് പിന്നിലെന്ന് റിസര്‍വ് ബാങ്ക് കണക്കാക്കുന്നു. എന്നാല്‍ ഇതിന് ശേഷം പിന്നീടുള്ള രണ്ട് മാസങ്ങളിലും ഇറക്കുമതി വന്‍തോതില്‍ ഇടിഞ്ഞു. രാജ്യത്തെ സ്വര്‍ണ്ണ, വജ്ര വിപണിയില്‍ 80 ശതമാനത്തിലധികവും നേരിട്ട് പണം നല്‍കിയാണ് വ്യാപാരം നടക്കുന്നതെന്നാണ് റിസര്‍വ് ബാങ്കിന്റെ കണ്ടെത്തല്‍. കാര്‍ഡോ അത്തരത്തിലുള്ള ബദല്‍ മാര്‍ഗ്ഗങ്ങളോ ഉപയോഗിക്കുന്നവര്‍ 20 ശതമാനത്തില്‍ താഴെയാണ്.

ലോകത്ത് തന്നെ ഏറ്റവുമധികം സ്വര്‍ണ്ണം ഇറക്കുമതി ചെയ്യപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ 546 ടണ്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്തപ്പോള്‍ മുന്‍വര്‍ഷം ഇത് 892.9 ടണ്ണായിരുന്നു. 2015-16 സാമ്പത്തിക വര്‍ഷം ആകെ ഇറക്കുമതി ചെയ്യപ്പെട്ടത് 968 ടണ്‍ സ്വര്‍ണ്ണമായിരുന്നു.