ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണ വില വീണ്ടും 23,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഒന്നര വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലെത്തി. ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണ വില വീണ്ടും 23,000 കടന്നു. പവന് 160 രൂപ വര്‍ദ്ധിച്ച് 23,120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വര്‍ദ്ധിച്ച് 2,890 രൂപ. ഇന്നലെ രണ്ട് തവണയായി പവന് 200 രൂപ വര്‍ദ്ധിച്ചിരുന്നു. 

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നതുമാണ് കേരളത്തിലും വില വര്‍ദ്ധനവിന് കാരണം. 2016 നവംബറിലാണ് സ്വര്‍ണ വില ഇതിന് മുന്പ് 23,000 ത്തിന് മുകളിലെത്തിയത്. രാജ്യാന്തര വിപണിയില്‍ 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,350 ഡോളറാണ് വില.