കൊച്ചി: ജി.എസ്.ടി നടപ്പിലായതിന് പിന്നാലെ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 21,680 രൂപയും ഗ്രാമിന് 25 രൂപ വര്‍ദ്ധിച്ച് 2,710 രൂപയുമാണ് വിപണിയിലെ വില. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,225 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്.
ചരക്ക് സേവന നികുതി നിലവില്‍ വന്നതോടെ സ്വര്‍ണത്തിന്റെ നികുതി മൂന്ന് ശതമാനമായി മാറിയിരുന്നു. ജി.എസ്.ടിയില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയുടെ അഞ്ച് ശതമാനം കൂടി നികുതി നല്‍കണം. എന്നാല്‍ മറ്റ് വിവിധ നികുതി നിരക്കുകള്‍ ക്രോഡീകരിച്ചതിനാല്‍ സ്വര്‍ണ വിലയില്‍ ജി.എസ്.ടി കാര്യമായ ചലനമുണ്ടാക്കില്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വില വ്യത്യാസം അനുസരിച്ചാണ് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞത്.
ജി.എസ്.ടി വന്നതോടെ പഴയ സ്വര്‍ണം മാറ്റി വാങ്ങുമ്പോള്‍ നികുതി നല്‍കേണ്ടി വരുമോ എന്ന് ആശങ്ക ഉപഭോക്താക്കള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇതിന് അടിസ്ഥാനമില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. ടാക്‌സ് റിട്ടേണിലൂടെ വ്യാപാരികള്‍ക്ക് നികുതി തിരിച്ച് കിട്ടുമെന്നതിനാല്‍ പഴയ സ്വര്‍ണത്തിന് ഉപഭോക്താക്കളില്‍ നിന്ന് നികുതി ഈടാക്കില്ല. പക്ഷേ ജി.എസ്.ടിയില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് അഞ്ച് ശതമാനം പണിക്കൂലി നല്‍കണം. എങ്കിലും നിലവിലെ നികുതികളെല്ലാം ക്രോഡീകരിച്ചതിനാല്‍ ഭാവിയില്‍ 0.15 ശതമാനം സ്വര്‍ണ വില കുറയാനുള്ള സാധ്യതയും വ്യാപാരികള്‍ പങ്കുവെയ്ക്കുന്നുണ്ട്.
