ദില്ലി: ആദായ നികുതിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് സൂചന. പ്രകാരം ആദായ നികുതി കണക്കാക്കുന്ന വരുമാനത്തില്‍ 80സി പ്രകാരം ഇളവ് ലഭിക്കുന്ന പരിധി രണ്ട് ലക്ഷ രൂപയാക്കി ഉയര്‍ത്തുമെന്നാണ് സൂചന. നിലവില്‍ ഇത് ഒന്നര ലക്ഷമാണ്. സ്വര്‍ണം പോലുള്ള ഉത്പാദന ക്ഷമതയില്ലാത്ത ആസ്തികളില്‍ നിക്ഷേപിക്കുന്നതിന് പകരം മറ്റ് സാമ്പത്തിക പദ്ധതികളിലെ  നിക്ഷേപം പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ഇത്തരമൊരു ഇളവ് നല്‍കാനൊരുങ്ങുന്നത്.

പ്രൊവിഡന്റ് ഫണ്ട്, അഞ്ച് വര്‍ഷം കാലയളവുള്ള ബാങ്കുകളിലെ സ്ഥിര നിക്ഷേപം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, ടാക്‌സ് സേവിങ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവയിലെ നിക്ഷേപങ്ങള്‍ക്കാണ് 80സി അനുസരിച്ച് ഇളവ് ലഭിക്കുക. ഇപ്പോള്‍ പരമാവധി ഒന്നര ലക്ഷം രൂപ വരെയാണ് ഇങ്ങനെ ഇളവ് ലഭിക്കുന്നത്. ഇത് രണ്ട് ലക്ഷമായി ഉയര്‍ത്തിയാല്‍ നിരവധി പേര്‍ക്ക് ആദായ നികുതി ലാഭിക്കാനാവും.  ഭവന വായ്പയുടെ തിരിച്ചടവ് തുക, കുട്ടികളുടെ വിദ്യാഭ്യാസ ഫീസ് തുടങ്ങിയവയും 80 സി പ്രകാരം നികുതി ഇളവ് ലഭിക്കും. 

ഫെബ്രുവരിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിളിച്ചുചേര്‍ത്ത ഉന്നത് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച അഭിപ്രായമുയര്‍ന്നത്.