അവശ്യ സാധനങ്ങളുടെ ചില്ലറ വില്‍പ്പന വില ഇപ്പോള്‍ കമ്പോളത്തില്‍ തന്നെയാണ് നിശ്ചയിക്കുന്നത്. എന്നാല്‍ പലപ്പോഴും വ്യാപാരികള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അനിയിന്ത്രിതമായി വര്‍ദ്ധിപ്പിക്കുന്നുവെന്ന പരാതികള്‍ പതിവാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മെട്രോളജി വകുപ്പ് പുതിയ വിജ്ഞാപനങ്ങള്‍ പുറത്തിറക്കിയത്. 1955ലെ അവശ്യ വസ്തു നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ വിജ്ഞാപനം ഇപ്പോള്‍ പുറത്തിറക്കിയത്. പാക്ക് ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്കും അല്ലാത്തവയ്‌ക്കും പുതിയ ഉത്തരവ് ബാധകമാണ്. ആരി, പഞ്ചസാര, തക്കാളി, ഉള്ളി, പയര്‍ എന്നിങ്ങനെ എല്ലാ ഉല്‍പ്പന്നങ്ങളുടെയും വില സര്‍ക്കാര്‍ നിരീക്ഷിക്കും. എന്നാല്‍ എല്ലാ ദിവസവും ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്‍പ്പന വിലയില്‍ സര്‍ക്കാര്‍ ഇടപെടില്ല. വില ക്രമാതീതമായി ഉയരുന്ന സാഹചര്യമുണ്ടായാല്‍ മാത്രമായിരിക്കും സര്‍ക്കാര്‍ ഇടപെടുകയെന്ന് ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മൊത്തവില്‍പ്പനയുടെയും ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങളുടെയും വിലയിലാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാറിന് നിയന്ത്രണം ഉണ്ടാവുക. 

പരിപ്പ്, ഉള്ളി, തക്കാളി എന്നിവയുടെ വില ഇടയ്‌ക്ക് വലിയ തോതില്‍ കൂടിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വില നിശ്ചയിക്കാന്‍ സര്‍ക്കാറിന് അനുമതി നല്‍കുന്ന വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.