ദില്ലി: സാനിറ്ററി നാപ്കിനുകള്‍ക്ക് 12 ശതമാനം ജിഎസ്‌ടി ഏര്‍പ്പെടുത്തിയത് പിന്‍വലിക്കാനാവില്ലെന്നും മുമ്പ് ഈടാക്കിയിരുന്ന നികുതിയെക്കാള്‍ കുറവാണിതെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ജിഎസ്‌ടി എടുത്തുകളയുന്നത് വിദേശ സാനിറ്ററി നാപ്കിന്‍ നിര്‍മ്മാതാക്കളെ സഹായിക്കും എന്നാണ് മന്ത്രാലയത്തിന്റെ വാദം.
 
ചാന്തിനും പൊട്ടിനും വളയ്‌ക്കും കുങ്കുമത്തിനും നികുതിയില്ല. എന്നാല്‍ ആര്‍ത്തവകാലത്ത് സ്‌ത്രീകള്‍ക്ക് അനിവാര്യമായ സാനിറ്ററി നാപ്കിന് 12 ശതമാനം ജിഎസ്‌ടി ചുമത്തും എന്ന ധനമന്ത്രിമാരുടെ കൗണ്‍സില്‍ തീരുമാനം നേരത്തെ വിവാദമായിരുന്നു. ആര്‍ത്തവത്തിന് ചുങ്കം ചുമത്തരുതെന്ന് ആവശ്യപ്പെട്ട് ഇന്ത്യയാകെ വനിതാ കൂട്ടായ്മകളും സന്നദ്ധസംഘടനകളും രംഗത്തും വന്നു. എന്നാല്‍ തീരുമാനം പുനപരിശോധിക്കേണ്ടതില്ലെന്നാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം.

12 ശതമാനമാണ് സാനിറ്ററി നാപ്കിന് നിശ്ചയിച്ചിരിക്കുന്ന ചരക്കു സേവന നികുതി. മുമ്പ് ആറു ശതമാനം എക്‌സൈസ് തീരുവയും അഞ്ചു ശതമാനം വാറ്റും സെസ്സുകളും ചേര്‍ത്ത് 13.68 ശതമാനം നികുതി ഉണ്ടായിരുന്നതാണ് 12 ആയി കുറച്ചതെന്ന് ധനമന്ത്രാലയം വിശദീകരിക്കുന്നു. നാപ്കിന്‍ ഉണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ക്ക് 18 ശതമാനം വരെ ജിഎസ്‌ടി ഉണ്ടെന്നിരിക്കെ ആകെ 12 ശതമാനമേ നികുതി ഈടാക്കുന്നുള്ളു.

ഈ ജിഎസ്‌ടി എടുത്തുകളഞ്ഞാലും അസംസ്കൃത വസ്തുക്കള്‍ക്ക് നികുതി നല്‍കുന്ന ആഭ്യന്തര ഉത്പാദകര്‍ക്ക് നഷ്‌ടമുണ്ടാകുമെന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വിദേശകമ്പനികള്‍ക്ക് ഒരു നികുതിയും നല്‍കാതെ വില്‍ക്കാനാകുമെന്നും മന്ത്രാലയം പറയുന്നു. സാനിറ്ററി നാപ്കിന് നികുതി ചുമത്തുന്നത് ഇതുപയോഗിക്കുന്നതില്‍ നിന്ന് സ്‌ത്രീകളെ പിന്തിരിപ്പിക്കുമെന്നും ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ഡോക്ടര്‍മാരുടെ സംഘടനകളും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.