നടപ്പ് സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടിരുന്ന മൊത്തം കമ്മി ജിഡിപിയുടെ 3.3 ശതമാനമായിരുന്നു (6.24 ലക്ഷം കോടി). എന്നാല്‍, അര്‍ധവാര്‍ഷിക കണക്കെടുപ്പില്‍ തന്നെ ഇത് 7.16 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. 

ദില്ലി: രാജ്യം ബജറ്റ് പ്രഖ്യാപനങ്ങളിലേക്ക് നീങ്ങുകയാണ്. പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കാകും ബജറ്റില്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രധാന്യം നല്‍കുക. എന്നാല്‍, ധനകമ്മി പ്രതീക്ഷിച്ചത് പോലെ കുറയ്ക്കാനാകാത്തത് സര്‍ക്കാരിന് മുന്നില്‍ കടുത്ത വെല്ലുവിളിയാകും.

നടപ്പ് സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടിരുന്ന മൊത്തം കമ്മി ജിഡിപിയുടെ 3.3 ശതമാനമായിരുന്നു (6.24 ലക്ഷം കോടി). എന്നാല്‍, അര്‍ധവാര്‍ഷിക കണക്കെടുപ്പില്‍ തന്നെ ഇത് 7.16 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. അതായത് ലക്ഷ്യമിട്ടതിന്‍റെ 114.8 ശതമാനം. ഇതേ കാലയളവില്‍ മുന്‍ വര്‍ഷം 112 ശതമാനമായിരുന്നു. 

കഴിഞ്ഞ രണ്ട് വര്‍ഷമായി ധനകമ്മി പ്രതീക്ഷിച്ചത് പോലെ കുറയ്ക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. വരുന്ന മൂന്നാം വര്‍ഷത്തിലും ഈ സ്ഥിതി തുടര്‍ന്നാല്‍ ബജറ്റില്‍ ജയപ്രിയ പ്രഖ്യാപനത്തിനുളള ശ്രമങ്ങള്‍ അപകടകരമാകും. 

ജിഎസ്ടി വരുമാനത്തില്‍ ഇടിവ് നേരിടേണ്ടി വന്നതും, ഇന്ധന വിലയില്‍ എക്സൈസ് നികുതി കുറച്ചതും സര്‍ക്കാരിന്‍റെ വരുമാനത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. പൊതുമേഖല ഓഹരി വില്‍പ്പനയിലൂടെ സര്‍ക്കാര്‍ ഈ വര്‍ഷം സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരുന്ന 80,000 കോടിയില്‍ 15,000 കോടിയുടെയെങ്കിലും കുറവ് വരുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ധനമന്ത്രി അരുണ്‍ ജെയ്റ്റി‍ലി രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച് ആത്മവിശ്വാസത്തിലാണ്.