തിരുവനന്തപുരം: വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി നികുതികളും ഫീസുകളും കൂട്ടാന്‍ ധനവകുപ്പ് ആലോചിക്കുന്നു. വരുന്ന സംസ്ഥാന ബജറ്റില്‍ മന്ത്രി തോമസ് ഐസക് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. ഇതിനോടൊപ്പം ചെലവ് ചുരുക്കാനുള്ള കര്‍ശന നടപടികളും ഉണ്ടാകും. എന്നാല്‍ സാധാരണക്കാരെ ബാധിക്കാത്ത തരത്തിലായിരിക്കും ഇവ നടപ്പാക്കുകയെന്നാണ് സര്‍ക്കാറിന്റെ അവകാശവാദം.

ഭൂനികുതി, ധാതുക്കളില്‍നിന്നുള്ള റോയല്‍റ്റി എന്നിവ വര്‍ധിപ്പിക്കാന്‍ ആലോചനയുണ്ട്. ഇപ്പോള്‍ ഒരു ആറിന് ഒരു രൂപ എന്ന കണക്കില്‍ ഈടാക്കുന്ന നികുതി വളരെ കുറവാണെന്നാണ് വിലയിരുത്തല്‍. നികുതി പിരിച്ചെടുക്കാനുള്ള ചിലവ് പോലും ഇത് കൊണ്ട് നികത്താനാവുന്നില്ല. വില്ലേജ് ഓഫീസുകളിലൊന്നും കാര്യമായ വരുമാനം ലഭിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ വസ്തുക്കളിന്മേലുള്ള കരം വര്‍ദ്ധിപ്പിച്ചേക്കും. ഇതിന് പുറമെ പല സ്ഥാപനങ്ങളിലും സേവനങ്ങള്‍ക്കും ഈടക്കുന്ന ഫീസുകള്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിശ്ചയിച്ചതാണ്. ഇവ കാലോചിതമായി പരിഷ്കരിക്കും. നിശ്ചിത വരുമാന പരിധിക്ക് മുകളിലുള്ളവരില്‍ നിന്ന് സര്‍ക്കാര്‍ ആശുപത്രികളിലും സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈടാക്കുന്ന ഫീസ് വര്‍ദ്ധിപ്പിക്കാനും ആലോചനയുണ്ട്.

പി.എസ്.സി വഴിയുള്ള നിയമനങ്ങള്‍ തടസ്സപ്പെടില്ല. അത്യാവശ്യം വേണ്ട അധിക തസ്തികകളും അനുവദിക്കും. ക്ഷേമ പദ്ധതികളെയും നിയന്ത്രണങ്ങള്‍ ബാധിക്കില്ല. റവന്യൂ കമ്മി നിയന്ത്രിച്ച് നിര്‍ത്താനുള്ള കര്‍ശന നടപടികളായിരിക്കും ബജറ്റില്‍ പ്രധാനമായുമുണ്ടാവുക. പരോക്ഷ നികുതികളെല്ലാം ജി.എസ്.ടിയായി മാറിയതിനാല്‍ സര്‍ക്കാറിന് പ്രത്യക്ഷ നികുതികളും നികുതിയേതര വരുമാന വര്‍ദ്ധനവുമാണ് ലക്ഷ്യമിടാനാവുക.