ദില്ലി: നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ്, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്,കിസാന്‍ വികാസ് പത്ര, സുകന്യ സമൃദ്ധി അക്കൗണ്ട്, തുടങ്ങിയ ലഘുസമ്പാദ്യപദ്ധതികളുടെ പലിശ നിരക്ക് കേന്ദ്രസര്‍ക്കാര്‍ കുറച്ചു. 0.2 ശതമാനം (20 ബേസിസ് പോയിന്റ്) കുറവാണ് പലിശകളില്‍ വരുത്തിയിരിക്കുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തിലേക്കാണ് പുതുക്കിയ നിരക്ക് ബാധകമാവുക.
കേന്ദ്രസര്‍ക്കാര്‍ പലിശ നിരക്ക് കുറച്ചതോടെ ബാങ്കുകളും നിക്ഷേപപലിശയില്‍ കുറവ് വരുത്താന്‍ നിര്‍ബന്ധിതരാവും. അതേസമയം മുതിര്‍ന്ന പൗരന്‍മാര്‍ക്കായുള്ള അഞ്ച് വര്‍ഷത്തെ നിക്ഷേപപദ്ധതിക്ക് നിരക്ക് വ്യത്യാസം ബാധകമല്ല.
പ്രൊവിഡന്റ് ഫണ്ട്, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് 7.6 ശതമാനവും, കിസാന്‍ വികാസ് പത്രയ്ക്ക് 7.3 ശതമാനവും, സുകന്യ സമൃദ്ധിക്ക് 8.1 ശതമാനവും ആയിരിക്കും പുതുക്കിയ പലിശ നിരക്ക്.
