ദില്ലി: നഗരപ്രദേശങ്ങളില്‍ വ്യത്യസ്ഥമായ ഭവന പദ്ധതി ആവിഷ്കരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതി. വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് പകരം പാവപ്പെട്ടവരുടെ വീട്ടുവാടക സര്‍ക്കാര്‍ അടയ്ക്കുന്ന തരത്തിലായിരിക്കും ഇത് നടപ്പാക്കുക. കോര്‍പറേഷനുകളും മുനിസിപ്പാലിറ്റികളും വഴി നല്‍കുന്ന വാടക വൗച്ചറുകള്‍ ഉപയോഗിച്ച് ഗുണഭോക്താക്കള്‍ക്ക് തങ്ങളുടെ വീട്ടുടമസ്ഥന് വാടക നല്‍കാം.

ദാദിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്കായിരിക്കും ഇതിന്റെ ഗുണം ലഭിക്കുക. ഈ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി നടപ്പാക്കി തുടങ്ങുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 100 നഗരങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിക്ക് 2700 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴിയാണ് വാടക വൗച്ചറുകള്‍ വിതരണം ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് ഇത് വാടകയ്ക്ക് പകരം വീട്ടുമസ്ഥന് നല്‍കാം. പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന സിറ്റിസന്‍ സര്‍വ്വീസ് ബ്യൂറോയില്‍ വീട്ടുടമസ്ഥന് വൗച്ചറുകള്‍ നല്‍കി പണം കൈപ്പറ്റാം. സര്‍ക്കാര്‍ നല്‍കുന്ന വൗച്ചറിന്റെ മൂല്യത്തേക്കാള്‍ കൂടുതലാണ് വാടക തുകയെങ്കില്‍ അധികമുള്ള തുക വാടകക്കാരന്‍ തന്നെ നല്‍കണം. 2700 കോടിയോളം രൂപ എല്ലാ വര്‍ഷവും ഇതിന് ചിലവ് വരും. ഏതൊക്കെ നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുകയെന്ന് ഇത് വരെ വ്യക്തമായിട്ടില്ല.