The Specified Bank Notes (Cessation of Liabilities) Act, 2017 എന്ന് പേരിട്ടിരിക്കുന്ന നിയമം കഴിഞ്ഞ മാസമാണ് പാര്‍ലമെന്റ് പാസ്സാക്കിയത്. പിന്‍വലിച്ച 500, 1000 രൂപാ നോട്ടുകള്‍ ഉപയോഗിച്ച് സമാന്തര സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് തടയാനാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. ഫെബ്രുവരി 27ന് ഇത് സംബന്ധിച്ച ബില്ലില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവെച്ചു. 10 നോട്ടുകള്‍ വരെ കൈവശം വെയ്ക്കുന്നതിന് തടസ്സമില്ല. ഗവേഷണം പോലുള്ള ആവശ്യങ്ങള്‍ക്കായി 25 നോട്ടുകള്‍ വരെ ഒരാള്‍ക്ക് കൈവശം വെയ്ക്കാന്‍ കഴിയും. ഇതിന് മുകളില്‍ നോട്ടുകള്‍ ഒരാളുടെ കൈയ്യിലുണ്ടെങ്കില്‍ അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കും. കുറഞ്ഞത് 10,000 രൂപയോ അല്ലെങ്കില്‍ കൈവശം വെച്ച പഴയ നോട്ടുകളുടെ മൂല്യത്തിന്റെ അഞ്ച് ഇരട്ടിയോ (ഏതാണോ കൂടുതല്‍) പിഴ ഈടാക്കും.

പിന്‍വലിച്ച നോട്ടുകളിന്മേല്‍ റിസര്‍വ് ബാങ്കിനും കേന്ദ്ര സര്‍ക്കാറിനുമുണ്ടായിരുന്ന ബാധ്യതയും പുതിയ നിയമത്തോടെ ഇല്ലാതായി. എന്നാല്‍ നവംബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ 30 വരെയുള്ള നോട്ട് പിന്‍വലിക്കല്‍ സമയത്ത് രാജ്യത്ത് ഇല്ലാതിരുന്നവര്‍ക്ക് നോട്ടുകള്‍ മാറ്റി വാങ്ങാന്‍ മാര്‍ച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഈ സമയത്ത് രാജ്യത്ത് ഇല്ലാതിരുന്നെന്ന വ്യാജ സത്യവാങ്മൂലം നല്‍കി നോട്ടുകള്‍ മാറ്റുന്നവരില്‍ നിന്ന് 50,000 രൂപ പിഴ ഈടാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.