തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എസ്ബിഐയില്‍ ലയിക്കുന്നതിനെതിരെ കേരള സര്‍ക്കാര്‍. എസ്ബിടി കേരളത്തിന്റെ ബാങ്കെന്നാണ് മലയാളികള്‍ കരുതുന്നതെന്നും, സര്‍ക്കാറിനും ഇതേ കാഴ്ചപ്പാടാണുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാരണത്താല്‍ എസ്ബിടി അതേപടി നിലനില്‍ക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

അസോസിയേറ്റ് ബാങ്കുകള്‍ എസ്ബിഐയില്‍ ലയിക്കുന്നതിനെതിരായ ആദ്യ രാഷ്ട്രീയ എതിര്‍പ്പാണ് എസ്ബിടിയുടെ കാര്യത്തിലുണ്ടായിരിക്കുന്നത്. എസ്ബിഐ - എസ്ബിടി ലയനത്തിന് ഇരു ബാങ്കുകളുടേയും ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയിരുന്നു. 

ലനയം പൂര്‍ത്തിയാകുന്നതോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇല്ലാതാകും. പകരം, എല്ലാ ശാഖകളും എസ്ബിഐ ആകും. എസ്ബിടിയെ കൂടാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയും ഭാരതീയ മഹിളാ ബാങ്കും എസ്ബിഐയില്‍ ലയിക്കും. 2008ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്ര, 2010ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോര്‍ എന്നിവ എസ്ബിഐയില്‍ ലയിച്ചിരുന്നു. അതിനു ശേഷമുള്ള ആദ്യ ലയനമാണ് ഇനി നടക്കാന്‍പോകുന്നത്.

എസ്ബിടിയില്‍ എസ്ബിഐയ്ക്ക് 78.91 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ബാങ്കിങ് മേഖലയിലെ ആഗോള മത്സരങ്ങളോടു കിടപിടിക്കുന്നതിന് വന്‍കിട ബാങ്കുകള്‍ രൂപീകരിക്കണമെന്നും എസ്ബിഐയിലെ ലോകത്തെ ഏറ്റവും വലിയ 50 ബാങ്കുകളുടെ ഗണത്തില്‍ എത്തിക്കുന്നതിനാണു ലയനമെന്നുമാണു വിശദീകരണം.