10 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവരുടെ സബ്സിഡി റദ്ദാക്കാനാണ് തീരുമാനം. ഇതിനായി ഇരു മന്ത്രാലയങ്ങളും ഉടന്‍ ധാരണാപത്രത്തില്‍ ഒപ്പുവെയ്ക്കും. അന്വേഷണ ഏജന്‍സികളായ പൊലീസ്, സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയവയ്ക്ക് മാത്രമാണ് നിലവില്‍ വ്യക്തിഗത വിവരങ്ങള്‍ ആദായ നികുതി വകുപ്പ് കൈമാറുന്നത്. മറ്റാര്‍ക്കും കൈമാറില്ലെന്നും അന്വേഷണ ആവശ്യങ്ങള്‍ക്ക് മാത്രമേ വിവരങ്ങള്‍ ഉപയോഗിക്കുകയുള്ളൂവെന്നുമുള്ള ധാരണയിന്മേലാണ് വിവരങ്ങള്‍ ഇവര്‍ക്ക് കൈമാറുന്നത്. ഇനി പെട്രോളിയം മന്ത്രാലയത്തെക്കൂടി ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. ഇതോടെ 10 ലക്ഷമോ അതില്‍ കൂടുതലോ വാര്‍ഷിക വരുമാനമുള്ളവര്‍ പാചക വാതക സബ്സിഡിയില്‍ നിന്ന് ഒഴിവാക്കപ്പെടും. കണക്ഷന്‍ എടുത്തയാളിന്റെ ഭാര്യയുടെ അല്ലെങ്കില്‍  ഭര്‍ത്താവിന്റെ വരുമാനവും കൂടി കണക്കാക്കിയാവും സബ്സിഡി തുടരണോയെന്ന് തീരുമാനിക്കുന്നത്.

ഉയര്‍ന്ന വരുമാനക്കാര്‍ക്ക് സ്വമേധയാ സബ്സിഡി വേണ്ടെന്ന് വെയ്ക്കാനുള്ള അവസരം ഇപ്പോള്‍ എണ്ണക്കമ്പനികള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇതിന് കാര്യമായ പ്രതികരണം ഉപഭോക്താക്കളില്‍ നിന്ന് ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് വരുമാനം കൂടുതലുള്ളവരുടെ സബ്സിഡി നിര്‍ബന്ധിതമായി എടുത്തുകളയാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 12 സിലിണ്ടറുകളാണ് സബ്സിഡി നിരക്കില്‍ നല്‍കുന്നത്.