ചരക്ക് സേവനനികുതി വന്നതോടെ ഹൗസ് ബോട്ട് ടൂറിസം പ്രതിസന്ധിയില്‍. 18 ശതമാനം മുതല്‍ 28 ശതമാനം വരെ നികുതിയാണ് ഹൗസ് ബോട്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്

ഹൗസ് ബോട്ടുകള്‍ക്ക് കോംമ്പൗണ്ടിങ് നികുതിയാണ് ഇതുവരെ ഈടാക്കിയിരുന്നത്. ഒറ്റമുറിയുള്ള ഒരു ഹൗസ് ബോട്ടിന് ശരാശരി ആയിരം രൂപവരെയായിരുന്നു മാസത്തില്‍ നികുതി. ഇതാണ് ജി.എസ്.ടി വന്നതോടെ ഓരോ യാത്രയിലും 18 ശതമാനം മുതല്‍ 28 ശതമാനം വരെ നികുതി നല്‍കണമെന്ന വ്യവസ്ഥ വന്നത്. ആഡംബര ഹോട്ടലുകളുടെ നികുതിക്ക് ആനുപാതികയമായി ഹൗസ് ബോട്ടുകളിലും നികുതി ഏര്‍പ്പെടുത്തി. ഇത് മേഖലയില്‍ പുതിയ പ്രതിസന്ധി സൃഷ്‌ടിട്ടിരിക്കുകയാണ്. ഒരു ഹൗസ് ബോട്ടിന് 6500 രൂപ വീതം വാടക നല്‍കിയാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വാടകയ്ക്ക് എടുക്കുന്നത്. ഇതോടൊപ്പം ഇപ്പോഴത്തെ നിരക്കില്‍ പുതിയ നികുതി കൂടി നല്‍കിയാല്‍ ചെലവ് കഴിഞ്ഞ് 200 രൂപയോളം മാത്രമേ മിച്ചമുണ്ടാകുവെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

നേരത്തെ വിനോദസഞ്ചാരികളില്‍ നിന്നും നികുതി ഈടാക്കിയിരുന്നില്ല. പുതിയ നികുതി വിനോദസഞ്ചാരികളില്‍ നിന്നും ഈടാക്കിയാല്‍ യാത്രക്ക് ആളില്ലാതെയുമാകും. കോട്ടയത്തും ആലപ്പുഴയിലുമായി 1500 ഓളം ഹൗസ് ബോട്ടുകളാണുള്ളത്. ഹൗസ് ബോട്ട് വ്യവസായം സ്തംഭിച്ചാല്‍ ഇതിലെ ജീവനക്കാരും അനുബന്ധമായി ജിവിക്കുന്നവരും പട്ടിണിയിലാകും. മണ്‍സൂണ്‍ സീസണില്‍ പ്രതിക്ഷിച്ചത്ര സഞ്ചാരികളെ ഹൗസ് ബോട്ടുകള്‍ക്ക് കിട്ടിയിട്ടില്ല. അതിനിടയിലാണ് ജി.എസ്.ടി മുഖേന നിരക്ക് വര്‍ദ്ധനയും. കായല്‍ ടൂറിസത്തിന്റെ നട്ടെല്ലൊടുക്കുന്ന തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ ഈ വ്യവസായത്തില്‍ നിന്നും ചെറുകിട-ഇടത്തരക്കാര്‍ എന്നന്നേക്കുമായി പടിയിറങ്ങേണ്ടിവരുമെന്നാണ് ഈ രംഗത്തുള്ളവരുടെ ആശങ്ക.