ദില്ലി: ജിഎസ്ടി സംവിധാനം ജുലൈ ഒന്നു മുതല്‍ നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ, കേന്ദ്ര ജിഎസ്ടി ബില്‍ അടുത്ത മാസം രണ്ടാം വാരം പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. ഇന്നലെ ഉദയ്പൂരില്‍ നടന്ന ജിഎസ്ടി കൗണ്‍സിലിന്റെ 10-ാം യോഗം, മാതൃകാ നിയമത്തിന്റെ വ്യവസ്ഥകള്‍ പരിശോധിച്ചെങ്കിലും അംഗീകാരം നല്‍കുന്നത് അടുത്ത യോഗത്തിലേക്കു മാറ്റി. 

അടുത്ത മാസം നാലിനും അഞ്ചിനും കൗണ്‍സില്‍ ഡല്‍ഹിയില്‍ ചേരും. ജിഎസ്ടി സംവിധാനത്തിലേക്കു മാറുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്തുന്നതിനുള്ള വ്യവസ്ഥകള്‍ സംബന്ധിച്ച ബില്ലിന് ഇന്നലെ അംഗീകാരം നല്‍കി. അന്തര്‍ സംസ്ഥാന ജിഎസ്ടി സംബന്ധിച്ച ബില്ലും അടുത്ത യോഗത്തില്‍ പരിഗണിക്കും. ഇവയും അടുത്ത മാസം പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ളതാണ്. 

കേന്ദ്ര ബില്ലിലെ വ്യവസ്ഥകളില്‍ തര്‍ക്കമുണ്ടായിട്ടല്ല, പ്രയോഗങ്ങളും മറ്റും കൂടുതല്‍ മെച്ചപ്പെടുത്താമെന്ന ധാരണയിലാണ് അടുത്ത കൗണ്‍സിലിലേക്കു മാറ്റിയത്. ചട്ടങ്ങളും മറ്റും ചര്‍ച്ച ചെയ്യാന്‍ അടുത്ത മാസം അവസാന വാരം ശ്രീനഗറില്‍ കൗണ്‍സില്‍ ചേരും.