ദില്ലി: ചരക്ക് സേവന നികുതി ബില്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രധനമന്ത്രി വിളിച്ച സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ഇന്ന് ദില്ലിയില്‍ നടക്കും.പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ തന്നെ ചരക്ക് സേവനനികുതി ബില്‍ പാസാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിലെ ചില വ്യവസ്ഥകളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച കോണ്‍ഗ്രസുമായി ബിജെപി നേതൃത്വം ചര്‍ച്ച തുടരുകയാണ്.

ബില്ലില്‍ കൂടുതല്‍ പിന്തുണ നേടുന്നതിനായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സംസ്ഥാന ധനമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നത്. സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി യോഗത്തില്‍ ബില്ലിലെ വ്യവസ്ഥകള്‍ ചര്‍ച്ചയാകും..ഈ ആഴ്ച തന്നെ ബില്‍ രാജ്യസഭയില്‍ കൊണ്ടുവരുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു.

എന്നാല്‍ ബില്‍ വൈകുന്നത് ബിജെപിക്കുള്ളിലെ എതിര്‍പ്പ് കാരണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.  ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ബില്ലിനെ നരേന്ദ്രമോദി എതിര്‍ത്തിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു.