ദില്ലി: ചരക്ക് സേവന നികുതിയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി വേണ്ടിവരുമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹശ്മുഖ് അദിയ അഭിപ്രായപ്പെട്ടതിന് പിന്നാലെ 200ലധികം ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ചേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നു. നിലവില്‍ 28 ശതമാനം നികുതി ഈടാക്കുന്ന 80 ശതമാനം ഉല്‍പ്പന്നങ്ങളുടെയും നികുതി കുറയ്ക്കുമെന്നാണ് ജിഎസ്ടി കൗണ്‍സിലിലെ അംഗങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അസമിലെ ഗുവാഹത്തിയില്‍ വെള്ളിയാഴ്ച ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരാനിരിക്കുകയാണ്. നിലവില്‍ 28 ശതമാനം നികുതി ഈടാക്കുന്ന 227 ഉല്‍പ്പന്നങ്ങളെ 18 ശതമാനത്തിലേക്ക് മാറ്റുമെന്ന് ജി.എസ്.ടി കൗണ്‍സില്‍ അംഗവും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി അഭിപ്രായപ്പെട്ടു. ഇപ്പോള്‍ 18 ശതമാനം നികുതി വാങ്ങുന്ന ചില ഉല്‍പ്പന്നങ്ങള്‍ 12 ശതമാനത്തിലേക്ക് കുറയ്ക്കണമെന്നും ശുപാര്‍ശകള്‍ വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം നാളെ നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയാവും.

കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയും നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് നേരത്തെ സൂചനകള്‍ നല്‍കിയിരുന്നു. ചില ഉല്‍പ്പന്നങ്ങള്‍ ഒരിക്കലും 28 ശതമാനം നികുതി പട്ടികയില്‍ വരാന്‍ പാടില്ലായിരുന്നുവെന്നും അവയുടെ നികുതി കുറച്ചുകൊണ്ടുവരികയാണെന്നും അരുണ്‍ ജെയ്റ്റ്‍ലി പറഞ്ഞു. കഴിഞ്ഞ ഏതാനും കൗണ്‍സില്‍ യോഗങ്ങളില്‍ പല ഉല്‍പ്പന്നങ്ങളുടെയും നികുതി കുറയ്ക്കാനുള്ള തീരുമാനമെടുത്തിരുന്നു. ഫര്‍ണിച്ചറുകള്‍, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, ഷാമ്പൂ അടക്കമുള്ള ചില നിത്യോപയോഗ വസ്തുക്കള്‍, ഷവര്‍, സിങ്ക്, വാഷ് ബേസിന്‍, സാനിട്ടറി ഉല്‍പ്പന്നങ്ങള്ർ തുടങ്ങിയവയുടെയൊക്കെ നികുതി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.