നിലവില്‍ അഞ്ച് ശതമാനം ജി.എസ്.ടിയാണ് പഞ്ചസാരയ്‌ക്ക് ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ മൂന്ന് ശതമാനം സെസ് കൂടി ഏര്‍പ്പെടുത്തുമ്പോള്‍ ആകെ എട്ട് ശതമാനം നികുതി ഉപഭോക്താവ് നല്‍കേണ്ടിവരും.

ദില്ലി: പഞ്ചസാരയ്‌ക്ക് മൂന്ന് ശതമാനം സെസ് ചുമത്താന്‍ ജി.എസ്.ടി കൗണ്‍സിലില്‍ നിര്‍ദ്ദേശം. എന്നാല്‍ വിവിധ സംസ്ഥാനങ്ങള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ഇക്കാര്യം വിശദമായി പരിശോധിക്കാന്‍ മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തി. കരിമ്പ് കര്‍ഷകരെ സഹായിക്കാനെന്ന പേരിലാണ് നികുതി വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം കൗണ്‍സിലിന്റെ പരിഗണനയ്‌ക്ക് വന്നത്. 

നിലവില്‍ അഞ്ച് ശതമാനം ജി.എസ്.ടിയാണ് പഞ്ചസാരയ്‌ക്ക് ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ മൂന്ന് ശതമാനം സെസ് കൂടി ഏര്‍പ്പെടുത്തുമ്പോള്‍ ആകെ എട്ട് ശതമാനം നികുതി ഉപഭോക്താവ് നല്‍കേണ്ടിവരും. എന്നാല്‍ ജി.എസ്.ടി വന്നപ്പോള്‍ എല്ലാ സെസുകളും ഇല്ലാതാക്കിയതാണെന്നും നികുതി നഷ്‌ടം നികത്താനുള്ള നഷ്‌ടപരിഹാര സെസ് മാത്രമാണ് ഈടാക്കുകയെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും സംസ്ഥാനങ്ങള്‍ ഓര്‍മ്മപ്പെടുത്തി. ഇത് ലംഘിച്ച് ഓരോ ഉല്‍പ്പന്നങ്ങള്‍ക്കായി സെസ് കൂടി ഏര്‍പ്പെടുത്തുന്നത് ധാരണകള്‍ക്ക് വിരുദ്ധമാണെന്നും സംസ്ഥാനങ്ങള്‍ കുറ്റപ്പെടുത്തി.

സെസ് വഴി 7000 കോടി രൂപ സമാഹരിക്കാനാണ് ശ്രമം. എന്നാല്‍ കര്‍ഷകരെ സഹായിക്കാന്‍ ഈ പണം സര്‍ക്കാര്‍ നല്‍കുകയാണ് വേണ്ടതെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അറിയിച്ചു. യു.പി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കായാണ് ഇങ്ങനെ സെസ് ഏര്‍പ്പെടുത്തി പണം സമാഹരിക്കുന്നത്. അത് അംഗീകരിച്ചാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കായും പാക്കേജ് വേണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.