ദില്ലി: ദില്ലിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം 29 വസ്തുകളുടേയും 54 തരം സേവനങ്ങളുടേയും ജിഎസ്ടി നികുതി പുനര്‍നിര്‍ണയിച്ചു. പരിഷ്‌കരിച്ച നികുതി നിരക്കുകള്‍ ജനുവരി 25 മുതല്‍ നിലവില്‍ വരും.
അതേസമയം പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്കും ജിഎസ്ടി ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമായില്ല. പത്ത് ദിവസത്തിന് ശേഷം ചേരുന്ന അടുത്ത ജിഎസ്ടി കൗണ്‍സില്‍ ഇക്കാര്യം പരിഗണിക്കും. റിയല്‍ എസ്റ്റേറ്റ് രംഗത്തെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടു വരുന്ന കാര്യം ഇന്ന് അവതരിപ്പിച്ചെങ്കിലും കേരളം എതിര്‍ത്തതിനെ തുടര്‍ന്ന് ചര്‍ച്ച മാറ്റിവച്ചു.
ജിഎസ്ടി കൗണ്‍സിലിന്റെ അടുത്ത യോഗം ജിഎസ്ടി റിട്ടേണ്‍ ഫോമുകള്‍ കൂടുതല്‍ ലഘൂകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. എളുപ്പത്തില്‍ ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള പ്രത്യേക സംവിധാനം ഇന്ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ആധാര്‍ പദ്ധതിയുടെ അവതാരകനായ നന്ദന്‍ തിലേകേനി അവതരിപ്പിച്ചു. ജിഎസ്ടി വരുമാനമായി ലഭിച്ച 35,000 കോടി രൂപ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കായി വിഭജിച്ചു നല്‍കുവാനും ജിഎസ്ടി കൗണ്‍സിലില്‍ ധാരണയായിട്ടുണ്ട്.
- ഇടത്തരം സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടേയും എസ്.യു.വികളുടേയും നികുതി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കി. പഴയ കാറുകളുടെ ജിഎസ്ടി 12 ശതമാനമാക്കി.
- ബയോഡീസല്‍, ഡ്രിപ്പ് ഇറിഗേഷന്‍, 20 ലിറ്ററിന്റെ കുടിവെള്ള ബോട്ടില്‍ എന്നിവയുടെ നികുതി 18-ല്‍ നിന്നും 12 ആക്കി.
- മൈലാഞ്ചി, ഉണക്കപുളി, അഭ്യന്തരമായി ഉല്‍പാദിച്ച എല്‍പിജി ഗ്യാസ് എന്നിവയുടെ നികുതി 18-ല്‍ നിന്നും അഞ്ച് ശതമാനമാക്കി. വാട്ടര്‍തീംപാര്‍ക്ക്, റൈഡുകള്‍, എന്നിവയുടെ നികുതി 28 ശതമാനത്തില്‍ നിന്നും 18 ആക്കി.
- വിവരാവകാശരേഖ പ്രകാരമുള്ള അപേക്ഷ, സര്‍ക്കാരിന് നല്‍കുന്ന നിയമസഹായം, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്കുള്ള നിയമസഹായം, ഇന്ത്യയില്‍ നിന്നും പുറത്തേക്കുള്ള സാധനങ്ങളുടെ കടത്ത് എന്നിവ പൂര്‍ണമായും ജിഎസ്ടിയില്‍ നിന്നും എടുത്തു മാറ്റി.
- പ്രവേശനപരീക്ഷകള്‍ക്കുള്ള അപേക്ഷ, വിദ്യാഭ്യാസ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതിനുള്ള അപേക്ഷകള്‍ എന്നിവയും ജിഎസ്ടിയില്‍ നിന്നും എടുത്തു മാറ്റി.
