കൗണ്‍സില്‍ ഭരണസമിതിയെ സംസ്ഥാന സര്‍ക്കാാണ് തീരുമാനിക്കുന്നത്. ജിഎസ്ടി പ്രത്യേക അഥോറിറ്റി രൂപീകരിക്കാനും യോഗത്തില്‍ ധാരണയായി. ചരക്കു സേവന നികുതി ആര് പിരിക്കുമെന്നതുസംബന്ധിച്ച് തീരുമാനമായില്ല. ജിഎസ്ടി സ്‌റ്റേറ്റ് കൗണ്‍സിലിന്റെ പ്രസിഡന്റിനെ കേന്ദ്രസര്‍ക്കാര്‍ നിയമിക്കുമെന്നാണു നേരത്തെ നിര്‍ദേശിച്ചിരുന്നത്. 

എന്നാല്‍ ഇതിനെ കേരളം ശക്തമായി എതിര്‍ത്തു. സ്‌റ്റേറ്റ് കൗണ്‍സില്‍ പൂര്‍ണമായി സംസ്ഥാനങ്ങളുടേതു തന്നെയാകണമെന്നാണ് കേരളത്തിന്റെ ആവശ്യം.  വാണിജ്യ കുറ്റകൃത്യങ്ങളും ക്രിമിനല്‍ കുറ്റകൃത്യങ്ങളും രണ്ടായി കാണണമെന്നും അവ കൃത്യമായി വേര്‍തിരിക്കണമെന്നുമാണ് കേരളത്തിന്റെ നിലപാട്.

ചരക്കു സേവന നികുതി വെട്ടിപ്പു നടത്തുന്നവര്‍ക്കു കടുത്ത ശിക്ഷ നല്‍കുന്നതുള്‍പ്പെടെയുള്ളകാര്യങ്ങളില്‍ തീരുമാനമായിട്ടുണ്ട്. രണ്ടു കോടിക്കു മുകളില്‍ നികുതി വെട്ടിക്കുന്നവര്‍ക്കു ശിക്ഷ നല്‍കണമെന്നാണു ജിഎസ്ടി കൗണ്‍സില്‍ യോഗം തത്വത്തില്‍ അംഗീകരിച്ചത്. അഞ്ചു കോടിക്കു മുകളില്‍ നികുതി വെട്ടിപ്പു നടത്തുന്നവരെ അറസ്റ്റ് ചെയ്യുന്നതിനും ധാരണയായി. ചതി, ടാക്‌സ് വാങ്ങിയിട്ടും സര്‍ക്കാരില്‍ അടയ്ക്കാതിരിക്കുക എന്നീ കുറ്റങ്ങള്‍ക്ക് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യാനും നിയമത്തില്‍ വ്യവസ്ഥചെയ്യുന്നു.