കൊല്ലം: ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നതോടെ കശുവണ്ടി മേഖലയ്ക്ക് പുത്തനുണര്‍വ്. ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടിയുടെ നികുതി നേരത്തെയുണ്ടായിരുന്ന ഒന്‍പതില്‍ നിന്നും അഞ്ചായി കുറച്ചതും സംസ്കരിച്ച കശുവണ്ടിപ്പരിപ്പിന് നികുതി അഞ്ചായി നിലനിര്‍ത്തിയതും ഈ മേഖല പ്രതീക്ഷയോടെയാണ് കാണുന്നത്

ഇറക്കുമതി ചെയ്തിരുന്ന തോട്ടണ്ടിക്ക് 9.36 ശതമാനമായിരുന്നു നേരത്തെ ഉണ്ടായിരുന്ന നികുതി. സംസ്ഥാനത്ത് 70 ശതമാനവും ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടി ആയതിനാല്‍ വലിയ നികുതി നേരത്തെ കൊടുക്കേണ്ടി വന്നിരുന്നു. പക്ഷേ ജി.എസ്.ടിയില്‍ ഇത് അഞ്ചായി കുറച്ചത് കശുവണ്ടി വ്യവസായത്തെ പ്രോത്സാഹിപ്പിക്കും. വര്‍ഷത്തില്‍ 60 കോടിക്ക് മുകളില്‍ തോട്ടണ്ടി ഇറക്കുമതി ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന് ഇത് ഗുണം ചെയ്യും. ഉപഭോക്തൃ ഉത്പന്നങ്ങളുടെ പട്ടികയിലാണ് കശുവണ്ടിപ്പരിപ്പിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് നിലവിലെ അഞ്ച് ശതമാനം നികുതി തന്നെ തുടരും.

പക്ഷേ വറുത്തതും ഉപ്പ് ചേര്‍ത്തതുമായ കശുവണ്ടി പരിപ്പിന്റെ നികുതി അഞ്ച് ശതമാനത്തില്‍ നിന്നും 12 ശതമാനമായി ഉയര്‍ന്നത് ചെറിയ തിരിച്ചടിയായിട്ടുണ്ട്. കശുവണ്ടിപ്പരിപ്പ് ഉപയോഗിച്ച് തയ്യാറാക്കുന്ന മൂല്യവര്‍ദ്ധിത ഉല്‍പ്പനങ്ങളുടെ വില ചെറിയ തോതില്‍ ഉയരും. എന്നാല്‍ ജി.എസ്.ടിയില്‍ രാജ്യത്ത് എല്ലായിടത്തും ഒരേ നികുതി ആയതിനാല്‍ പരിപ്പ് കച്ചവടത്തിന് നിലവിലുള്ള ഇടനിലക്കാര്‍ ഇല്ലാതാകും. നേരിട്ട് കച്ചവടം സാധ്യമാകുമ്പോള്‍ വ്യവസായികള്‍ക്കും ഉപഭോക്താക്കള്‍ക്കും അത് ഗുണം ചെയ്യും.