ജി.എസ്.ടിയില്‍ 18 ശതമാനം നികുതി ഏര്‍പ്പെടുത്തിയത് കാറ്ററിംഗ് മേഖല തിരിച്ചടിയാകുന്നു. കോഴി കച്ചവടക്കാര്‍ സമരം തുടങ്ങിയതോടെ കാറ്ററിങ് രംഗത്തുള്ളവര്‍ കൂടുതല്‍ പ്രതിസന്ധിയിലായി.

കാറ്ററിംഗ് മേഖലയില്‍ നേരത്തെ 10 ലക്ഷത്തില്‍ കൂടുതലുള്ള ഓര്‍ഡുകള്‍ക്കാണ് സേവന നികുതി ഏര്‍പ്പെടുത്തിയിരുന്നത്. ജി.എസ്.ടി വന്നതോടെ ഈ പരിധി ഒഴിവാക്കി എല്ലാ ഇടപാടുകള്‍ക്കും 18 ശതമാനം നികുതി നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഉപഭോക്താക്കളില്‍ നിന്നും ഇത് ഈടാക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ലൈസന്‍സ് ഇല്ലാത്ത ചെറുകിട കാറ്ററിങ് യൂണിറ്റുകള്‍ നികുതി നല്‍കില്ല. ഫലത്തില്‍ ഇടത്തരം യൂണിറ്റുകളെയാണ് അധികനികുതി ബാധിക്കുകയെന്ന് കാറ്ററിങ് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനോടൊപ്പമാണ് കോഴി കച്ചവടക്കാരുടെ സമരം. ചെലവ് കുറഞ്ഞ ഇറച്ചിയെന്ന നിലയില്‍ കോഴിയിറച്ചിയോടാണ് പലര്‍ക്കും പ്രിയം. കാറ്ററിങ് രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പണിമുടക്ക് ഉള്‍പ്പടെയുള്ള സമരമാര്‍ഗങ്ങളിലേക്ക് പോകേണ്ടവരുമെന്നാണ് ഈ രംഗത്തുള്ളവരുടെ മുന്നറിയിപ്പ്.