ചരക്ക് സേവന നികുതി നിലവില്‍ വന്ന് ഒന്നര മാസത്തിനുശേഷവും ഇറച്ചിക്കോഴി കച്ചവടത്തിലെ കൊള്ളക്ക് കുറവില്ല. അമിതവില തടയുമെന്ന സര്‍ക്കാറിന്റെ ഉറപ്പ് വെള്ളത്തിലെ വരയായി. ജി.എസ്.ടിയില്‍ കോഴിക്ക് നികുതി ഒഴിവാക്കിയതിന്റെ നേട്ടം ഉപഭോക്താവിന് കൈമാറണമെന്ന ധനമന്ത്രിയുടെ നിര്‍ദ്ദേശം വ്യാപാരികള്‍ തള്ളി. മൊത്തവിലയുടെ ഇരട്ടി വിലയ്‌ക്കാണ് ഇപ്പോള്‍ ചില്ലറ വില്‍പ്പന നടക്കുന്നത്.
14.5 ശതമാനം നികുതിയുണ്ടായിരുന്ന ഇറച്ചിക്കോഴിക്ക് ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതിന് ശേഷം ഒറ്റപ്പൈസ നികുതിയില്ല. എന്നാല്‍ കോഴിവിലയില്‍ അല്‍പ്പം പോലും കുറയാവില്ല. നികുതിയിളവിന്റെ നേട്ടം ഉപഭോക്താവിന് കൈമാറണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം വ്യാപാരികള്‍ തള്ളി. വിലയെച്ചൊല്ലി സര്‍ക്കാരും വ്യാപാരികളും തമ്മിലുള്ള കോഴിപ്പോര് തുടരുന്നതിനിടെ, തമിഴ്നാട് അതിര്‍ത്തിയിലെ മൊത്ത വ്യാപാര കേന്ദ്രമായ പാറശ്ശാലയിലെത്തി ഏഷ്യാനെറ്റ് ന്യൂസ് സംഘം കോഴിയുടെ വില അന്വേഷിച്ചു. ഒരു വിവാഹ പാര്‍ട്ടിയുടെ ആവശ്യത്തിന് 200 കിലോഗ്രാം കോഴിയിറച്ചി വേണമെന്നായിരുന്നു ആവശ്യം. കിലോയ്ക്ക് 60 രൂപ നിരക്കില്‍ കോഴി നല്‍കാമെന്ന് സമ്മതിച്ചു.
പാറശ്ശാലയില്‍ നിന്ന് നേരെ തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെത്തിയും അന്വേഷിച്ചു. 30 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ കോഴിവില 60ല്‍ നിന്ന് 111 ആയി മാറി. 1000 കിലോഗ്രാം കോഴി പാറശാലയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിക്കാന്‍ വണ്ടിക്കൂലി പരമാവധി 2000 രൂപയാകും. കൂലിയും മറ്റുചിലവുകളും ഉള്‍പ്പെടുത്തി ലാഭം കൂട്ടിയാലും കിലോഗ്രാമിന് 51 രൂപ ഉയര്‍ത്തുന്നത് ഇടത്തട്ടുകാരുടെ കൊടും കൊള്ള തന്നെയാണ്. ഇനി വിപണിയില്‍ വില കുറയുമ്പോഴാകട്ടെ, കോഴിക്കുഞ്ഞും തീറ്റയും ഉദ്പാദിപ്പിക്കുന്ന കുത്തക കമ്പനികള്‍ അവയ്‌ക്ക് കൃത്രിമ വിലക്കയറ്റമുണ്ടാക്കും. കോഴിവില ഉയരും, കൊള്ളലാഭം കമ്പനികള്‍ കൊയ്തുകൊണ്ടുപോകും. ആഴ്ചയില്‍ 60 ലക്ഷം കിലോ കോഴിയിറച്ചിയാണ് മലയാളി കഴിക്കുന്നത്. ഒരു വര്‍ഷം കേരളത്തില്‍ നടക്കുന്നത് 4000 കോടിയുടെ കോഴി വ്യാപാരമെന്നുമാണ് കണക്ക്. കൊള്ളയുടെ പെരുക്കക്കണക്ക് കൂട്ടാന്‍ കടലാസ് തികയാതെ വരും.
