അനധികൃതമായ ഇടപാടുകള്‍ ഏറെ നടക്കുന്ന കെട്ടിട നിര്‍മാണ മേഖല ജി.എസ്.ടി നടപ്പിലാകുന്നതോടെ ഒരു പരിധിവരെ സുതാര്യമാകും. പല നികുതികള്‍ മാറി 12 ശതമാനം ജി.എസ്.ടി നടപ്പിലാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് വിലക്കുറവില്‍ ഫ്ലാറ്റുകളും വീടുകളും സ്വന്തമാക്കാനാകുമെന്നും വിലയിരുത്തലുണ്ട്.
രാജ്യത്ത് ഏറ്റവും അധികം കള്ളപ്പണം ഒഴുകുന്നത് കെട്ടിട നിര്‍മാണ മേഖലയിലാണെന്നാണാണ് കണക്കുകള്‍ തെളിയിക്കുന്നത്. പലനികുതികള്‍ മാറി ഏകീകൃത സ്വഭാവത്തിലേക്ക് എത്തുന്നതോടെ നിര്‍മാണ മേഖല കൂടുതല്‍ സുതാര്യമാകും. നിലവിലെ നികുതി നിയമപ്രകാരം വാറ്റ്, സേവന നികുതി, നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍വരുന്ന എക്‌സൈസ് ഡ്യൂട്ടി, എന്‍ട്രി ടാക്‌സ്, തുടങ്ങിയവയെല്ലാം ഈ മേഖലയ്‌ക്ക് ബാധകമായി വരുന്നുണ്ട്. ജി.എസ്.ടി വരുന്നതോടെ ഈ നികുതികളെല്ലാം ഇല്ലാതാകുകയും 12 ശതമാനം ജി.എസ്.ടി എന്ന ഒറ്റ നികുതിഘടനയിലേക്ക് മാറുകയും ചെയ്യും. ഇതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കരാറെടുക്കുന്നവര്‍ക്കും ഡെവലപ്പര്‍മാര്‍ക്കും കൂടുതല്‍ മാര്‍ജിന്‍ ലഭിക്കും. ഈ ആനുകൂല്യം ഉപഭോക്താവിന് കൈമാറാനും അവര്‍ക്കാകും.
കെട്ടിട നിര്‍മാണ സാമഗ്രികളായ സിമന്റ്, ഇഷ്‌ടിക, കമ്പി എന്നിവയ്‌ക്ക് വ്യത്യസ്ത നിരക്കുകളാണ് ജി.എസ്.ടിയിലുള്ളത്. ജി.എസ്.ടി നടപ്പിലാകുന്നതോടെ കെട്ടിട നിര്‍മാണ വസ്തുക്കള്‍ എത്തിക്കുന്നതിനുള്ള ചെലവിലും കുറവുണ്ടാകും. നിര്‍മാണ സാമഗ്രികളുടെ നിരക്കുകളില്‍ കാര്യമായ വ്യതിയാനമില്ലെങ്കിലും നികുതി നിരക്കുകളിലെ ഏകീകരണം ചെറിയതോതിലെങ്കിലും റിയല്‍ എസ്‌റ്റേറ്റ് മേഖലയ്‌ക്ക് ഗുണകരമാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.
