ദില്ലി: ഈ മാസം 30ന് നടക്കാനിരിക്കുന്ന ചരക്ക് സേവന നികുതി ഉദ്ഘാടനം ചരിത്ര സംഭവമാക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അര്‍ദ്ധരാത്രിയില്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി ജി.എസ്.ടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ജി.എസ്.ടി ഉദ്ഘാടനത്തോടനുബന്ധിച്ച് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനവും വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

അര്‍ദ്ധരാത്രിയിലെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് സമാനമായി ജി.എസ്.ടി ഉദ്ഘാടനം ചരിത്രമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഈ മാസം 30ന് അര്‍ദ്ധരാത്രിയില്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്യുന്നതോടെ ഒരു രാജ്യം ഒരു നികുതിയെന്ന ആശയം യാഥാര്‍ത്ഥ്യമാകും. പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്, എച്ച്.ഡി ദേവഗൗഡ, ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി, ലോകസഭാ സ്‌പീക്കര്‍ സുമിത്ര മഹാജാന്‍ എന്നിവര്‍ക്കും വേദിയില്‍ ഇരിപ്പിടമുണ്ട്. പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും സംസാരിക്കും. ഒരു മണിക്കൂര്‍ പരിപാടിയില്‍ ജി.എസ്.ടിയെക്കുറിച്ചുള്ള രണ്ട് ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും ധനമന്ത്രിമാര്‍ക്കും എം.പിമാര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനവും ജി.എസ്.ടി കൗണ്‍സിലും ഈ മാസം 30ന് ചേരും. 

അടുത്ത മാസം ഒന്നുമുതല്‍ ജി.എസ്.ടി നടപ്പാക്കുമ്പോള്‍ ഹ്രസ്വകാല വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി പറഞ്ഞു. കേരളവും ജമ്മുകശ്‍മീറും ഒഴികെയുള്ള സംസ്ഥാനങ്ങള്‍ സംസ്ഥാന ജിഎസ്ടി നിയമം ഇതിനോടകം പാസാക്കിയിട്ടുണ്ട്. സംസ്ഥാന ജി.എസ്.ടി നിയമം ഈ ആഴ്ച്ച കേരളം ഓര്‍ഡിനന്‍സായി പുറത്തിറക്കും. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് നേരത്തെ തന്നെ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്.