കൊച്ചി: സാമ്പത്തിക വര്‍ഷത്തിലെ 12 മാസം കൊണ്ട് 12 ലക്ഷം കോടി രൂപ, കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ട ജിഎസ്ടി വരുമാനമിതായിരുന്നു. ഓരോ മാസവും ഓരോ ലക്ഷം കോടി രൂപ. 

എന്നാല്‍, ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുളള കഴിഞ്ഞ ഒന്‍പത് മാസത്തിനിടയില്‍ രണ്ട് മാസങ്ങളില്‍ മാത്രമാണ് സര്‍ക്കാരിന് ഈ ലക്ഷ്യം നേടാനായത്. ഏപ്രിലില്‍ 1.03 ലക്ഷം കോടിയും സെപ്റ്റംബറില്‍ ഒരു ലക്ഷം കോടി രൂപയും. മറ്റ് മാസങ്ങളില്‍ ശരാശരി 95,000 കോടിയായിരുന്നു വരുമാനം. ഇതോടെ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകാന്‍ മൂന്ന് മാസം ബാക്കി നില്‍ക്കേ വരുമാനത്തില്‍ വലിയ വ്യത്യാസം വരുമെന്നുറപ്പായി. 

ഇത്തരത്തില്‍ വരുമാനം കുറയുന്നത്, നികുതി പരിവുമായി ബന്ധപ്പെട്ട് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസിനെ (സിബിഐസി) പ്രേരിപ്പിച്ചേക്കും. ജിഎസ്ടി നികുതി വെട്ടിപ്പ് തടയാന്‍ കൂടുതല്‍ കര്‍ശന നടപടികളും ഉണ്ടാകും. ഏപ്രില്‍ - ഒക്ടോബര്‍ കാലത്ത് 38,896 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പാണ് കണ്ടെത്തിയത്.