ചരക്ക് -സേവന നികുതിയുമായി ബന്ധപ്പെട്ട ഇടപാടുകളിലെ വെട്ടിപ്പ് തടയുകയാണ് ലക്ഷ്യം

ദില്ലി: നികുതി വെട്ടിപ്പ് കുറയ്ക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ ഓരോ പൗരന്മാര്‍ക്കും പ്രത്യേക ഉപഭോക്തൃ നമ്പര്‍ നല്‍കാന്‍ ജിഎസ്ടി കൗണ്‍സില്‍ നിയമിച്ച സമിതി ശുപാര്‍ശ നല്‍കി. ചരക്ക് -സേവന നികുതിയുമായി ബന്ധപ്പെട്ട ഇടപാടുകളിലെ വെട്ടിപ്പ് തടയുകയാണ് ലക്ഷ്യം. 

ഇതിലൂടെ തങ്ങളില്‍ നിന്ന് ഈടാക്കിയ നികുതിപ്പണം കൃത്യമായി സര്‍ക്കാരിന് കൈമാറിയോയെന്ന് ഇടപാടുകാരന്‍ പരിശോധിക്കാന്‍ സംവിധാനമുണ്ടാകും. സര്‍ക്കാരിന് ഇതിലൂടെ നികുതി വെട്ടിപ്പ് വലിയ തോതില്‍ നിയന്ത്രിക്കാനുമാകും. കാലക്രമേണ ഉപഭോക്ത‍ൃ നമ്പര്‍ ബില്ലില്‍ രേഖപ്പെടുത്തിയുളള ഇടപാട് പ്രോത്സാഹിപ്പിക്കണമെന്നും. ഇത്തരം ഉപഭോക്താക്കള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും നല്‍കണമെന്നുമാണ് ജിഎസ്ടി കൗണ്‍സിലിന് മുന്നിലുളള ശുപാര്‍ശ.

നികുതി സര്‍ക്കാരിന് കൈമാറിയില്ലെങ്കില്‍ വ്യാപാരിയെ ശിക്ഷിക്കും. ഉപഭോക്താവിന് നികുതിത്തുക പാരതോഷികമായി നല്‍കും. പുതിയ രീതിയില്‍ നടപ്പാക്കിയാല്‍ ജിഎസ്ടി വരുമാനത്തില്‍ 30 ശതമാനത്തിന്‍റെ വര്‍ദ്ധനയുണ്ടാവുമെന്നും ശുപാര്‍ശയില്‍ പറയുന്നു. വ്യാപാരികളും ഉപഭോക്താക്കളും തമ്മില്‍ നടത്തുന്ന ഇടപാടിലൂടെ നികുതി വെട്ടിപ്പിന്‍റെ രൂപത്തില്‍ സര്‍ക്കാരിനുണ്ടാവുന്ന നഷ്ടം മാസം 30,000 കോടി രൂപയോളമാണ്.