കൊച്ചി: ജിഎസ്ടി രജിസ്‌ട്രേഷന്‍ കാലാവധി അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കേ കേരളത്തില്‍ വാറ്റില്‍ നിന്ന് ജിഎസ്ടിയിലേക്ക്മാറിയത് വെറും 40 ശതമാനം മാത്രമാണ്. വ്യാപാരികളില്‍ നിന്ന് തണുപ്പന്‍ പ്രതികണമാണ് ലഭിക്കുന്നത്. ഇങ്ങനെ പോയാല്‍ രജീസ്‌ട്രേഷനായുള്ള കാലാവധി നീട്ടേണ്ടി വരും. പകുതിയിലേറെ പേര്‍ രജിസ്‌ട്രേഷന്‍ ചെയ്യാനുള്ളതിനാല്‍ രജിസ്‌ട്രേഷന്‍ കാലാവധി നീട്ടുമെന്നാണ് വിവരം.

ജിഎസ്ടിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങളാണ് രജിസ്‌ട്രേഷന്‍ മന്ദഗതിയിലാകാന്‍ കാരണമെന്നാണ് വാണിജ്യനികുതി വകുപ്പിന്റെ വിലയിരുത്തല്‍. ജിഎസ്ടി നടപ്പാക്കുന്നതിന് മുമ്പായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

രാജ്യത്താകെ 80 ലക്ഷം വ്യാപാരികളാണ് ഇപ്പോള്‍ നികുതി ശൃംഖലയിലുള്ളത്. വാറ്റില്‍നിന്നു ജിഎസ്ടിയിലേക്കു മാറുന്നവരുടെ രേഖകള്‍ പരിശോധിക്കില്ലെങ്കിലും പുതുതായി ജിഎസ്ടിയില്‍ റജിസ്റ്റര്‍ ചെയ്യുന്നവര്‍ സമര്‍പ്പിക്കുന്ന രേഖകള്‍ വിശദമായ പരിശോധനകള്‍ക്കു വിധേയമാക്കും. വാണിജ്യ നികുതി വകുപ്പിന്റെ www.keralataxes.gov.in എന്ന വെബ്‌സൈറ്റില്‍ നിലവിലെ യൂസര്‍ നെയിമും പാസ്‌വേഡും നല്‍കിയാല്‍ ജിഎസ്ടി എന്റോള്‍മെന്റിനുള്ള താല്‍ക്കാലിക യൂസര്‍നെയിമും പാസ്‌വേഡും ലഭിക്കും. ഇതുപയോഗിച്ച് www.gst.gov.in എന്ന ജിഎസ്ടി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തശേഷം സ്ഥിരമായ യൂസര്‍നെയിം സൃഷ്ടിക്കാം.

ഇതിനു ശേഷമാണു വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യേണ്ടത്. ഡിജിറ്റല്‍ ഒപ്പ് ഉപയോഗിച്ചു വിവരങ്ങള്‍ക്കു സാധുത വരുത്തുകയും വേണം. അംഗീകൃത ഏജന്‍സികള്‍ വഴി ഡിജിറ്റല്‍ സിഗ്നേച്ചര്‍ തുച്ഛമായ വിലയ്ക്കു വാങ്ങാം. സംശയങ്ങള്‍ക്കു മറുപടി നല്‍കാന്‍ ജില്ലാ ഡപ്യൂട്ടി കമ്മിഷണര്‍ ഓഫിസുകളില്‍ സഹായകേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.