Asianet News MalayalamAsianet News Malayalam

ജി.എസ്.ടി-ആദായനികുതി ബന്ധിപ്പിക്കല്‍ ഈ വര്‍ഷം: വരുമാനം ഇരട്ടിയാവുമെന്ന് പ്രതീക്ഷ

gst revenue may reach one lakh crore per month soon
Author
First Published Feb 13, 2018, 10:43 PM IST

ദില്ലി: ഏകീകൃത നികുതി സംവിധാനമായ ജിഎസ്ടിയിലൂടെ അടുത്ത വര്‍ഷം മുതല്‍ പ്രതിമാസം ഒരു ലക്ഷം കോടി രൂപ ലഭിക്കുമെന്ന് പ്രതീക്ഷ. കേന്ദ്ര ധനവകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ജിഎസ്.ടി റിട്ടേണ്‍ നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ വ്യാപാരികള്‍ക്ക് പരിചിതമാവുന്നതോടെ ജിഎസ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഗുണം ചെയ്യുമെന്നാണ് കേന്ദ്രധനമന്ത്രാലയം കരുതുന്നത്. ആദ്യഘട്ടത്തിലെ അങ്കലാപ്പ് കഴിഞ്ഞതോടെ കൂടുതല്‍ പേര്‍ ഇപ്പോള്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്തിട്ടുണ്ട്. ജിഎസ്ടി റിട്ടേണ്‍സും ആദായനികുതി വിവരങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന നടപടി ക്രമങ്ങള്‍ കൂടി പൂര്‍ത്തിയാവുന്നതോടെ നികുതി ചോര്‍ച്ച പരമാവധി തടയാം എന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. 

വരുന്ന ഏപ്രിലില്‍ ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ 7.44 ലക്ഷം കോടി രൂപ ജിഎസ്.ടി വരുമാനമായി ലഭിക്കുമെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റലി അവതരിപ്പിച്ച ബജറ്റില്‍ പറയുന്നത്. ജൂലൈ ഒന്നിന് ജിഎസ്ടി നടപ്പില്‍ വന്നത് മുതല്‍ ഇതുവരെ 4.44 ലക്ഷം കോടി രൂപ ജിഎസ്ടി വരുമാനമായി ഖജനാവിലെത്തിയിട്ടുണ്ട്. ജിഎസ്ടി സംവിധാനം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമായാല്‍ ബജറ്റില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ തുക വരുമാനമായി ലഭിക്കുമെന്നാണ് കരുതുന്നത്. 

2018 അവസാനത്തോടെ ജിഎസ്ടി റിട്ടേണ്‍സും ഐടി(ആദായനികുതി) റിട്ടേണ്‍സും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങും. ഇതോടെ ജിഎസ്ടി ശൃംഖലയിലുള്ള വ്യാപാരികളുടെ വരുമാനം എത്രയാണെന്നും അവര്‍ അടച്ച നികുതി എത്രയെന്നും കൃത്യമായി അറിയാം.
 

Follow Us:
Download App:
  • android
  • ios