ദില്ലി: ജിഎസ്ടി സംവിധാനം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്ന പ്രതീക്ഷയില്‍ കേന്ദ്രധനമന്ത്രാലയം. 2017 ഡിസംബറിലെ കണക്കനുസരിച്ച് രാജ്യത്തെ 98 ലക്ഷം വ്യാപാരസ്ഥാപനങ്ങള്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്തിട്ടുണ്ട്. വൈകാതെ തന്നെ രജിസ്‌ട്രേഷന്റെ എണ്ണം ഒരു കോടി കടക്കുമെന്നാണ് കരുതപ്പെടുന്നത്. 2018 അവസാനത്തോടെ ജിഎസ്ടിയേയും ആദായനികുതിയേയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമാവും ഇതോടെ വന്‍തോതിലുളള നികുതിവെട്ടിപ്പ് തടയാന്‍ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം ജിഎസ്ടി സംവിധാനം കൂടുതല്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതോടെ അനുബന്ധ മേഖലകളില്‍ മോദി സര്‍ക്കാര്‍ വമ്പന്‍ പരിഷ്‌കരണത്തിന് തുടക്കമിട്ടേക്കുമെന്നാണ് കേന്ദ്രധനമന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ പ്രധാനം സ്വര്‍ണ-ആഭരണ വ്യവസായത്തിലാണ്. സ്വര്‍ണത്തിന്റെ ഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാര്‍ പത്ത് ശതമാനം കസ്റ്റംസ് നികുതി ചുമത്തിയിട്ടും ഓരോ മാസവും സ്വര്‍ണഇറക്കുമതി വര്‍ധിക്കുകയാണ്. എന്നാല്‍ രാജ്യത്തേക്ക് ഒഴുകുന്ന ഈ സ്വര്‍ണമെല്ലാം എങ്ങോട്ടു പോകുന്ന എന്നതിന് കൃത്യമായ കണക്ക് സര്‍ക്കാരിന്റെ കൈയിലില്ല. സ്വര്‍ണാഭരണ വ്യവസായ രംഗത്ത് ജിഎസ്ടി സംവിധാനം നടപ്പാക്കുന്നതോടെ ജ്വല്ലറികളുടെ സ്വര്‍ണശേഖരവും വില്‍പനയും സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്. 

ചരക്കുകളുടെ നീക്കം നിരീക്ഷിക്കുന്നതിനുള്ള ഇ-വേ ബില്‍ സംവിധാനം കൂടുതല്‍ പരിഷ്‌കരിക്കപ്പെടുന്നതോടെ റവന്യൂ-എന്‍ഫോഴ്‌സ്‌മെന്റ്-ആദായനികുതിവകുപ്പ് തുടങ്ങിയ ഏജന്‍സികള്‍ സ്വര്‍ണവ്യാപരികള്‍ക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കുമെന്നാണ് സൂചന. ഇതിനായി ഭാവിയില്‍ ഒരു ഏകീകൃത നിരീക്ഷണസംവിധാനം കൊണ്ടു വരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.