ജിഎസ്ടി നടപ്പിൽ വന്ന ശേഷം പ്രതിമാസനികുതി വരുമാനം 70,000 കോടി വരെ ഇടിഞ്ഞിരുന്നു. ഇൗ അവസ്ഥയിൽ നിന്നാണ് ഒരു ലക്ഷം കോടിയ്ക്ക് മുകളിലേക്ക് നികുതി വരുമാനമെത്തിയത്.

ദില്ലി: ചരക്ക് സേവന നികുതി വരുമാനം ആദ്യമായി ഒരുലക്ഷം കോടി രൂപ കടന്നു. 1,03,458 കോടി രൂപയാണ് ഏപ്രിൽ മാസത്തെ ജിഎസ്ടി വരുമാനം. ഇ-വേ ബില്ല് നടപ്പാക്കിയത് വരുമാന വര്‍ദ്ധനവിന് കാരണമായെന്നാണ് വിലയിരുത്തൽ. 

കഴിഞ്ഞ വർഷം ജിഎസ്ടി നടപ്പിൽ വന്ന ശേഷം പ്രതിമാസനികുതി വരുമാനം 70,000 കോടി വരെ ഇടിഞ്ഞിരുന്നു. ഇൗ അവസ്ഥയിൽ നിന്നാണ് ഒരു ലക്ഷം കോടിയ്ക്ക് മുകളിലേക്ക് നികുതി വരുമാനമെത്തിയത്. സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തിന്‍റെ പ്രതിഫലനമാണ് വരുമാന വര്‍ദ്ധനയെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‍ലി ട്വീറ്റ് ചെയ്തു

കേന്ദ്രസര്‍ക്കാരിന് 32,493 കോടി രൂപയും സംസ്ഥാനങ്ങള്‍ക്ക് 40,257 കോടി രൂപയും ഏപ്രിലിലെ നികുതി വരുമാനമായി ലഭിച്ചെന്ന് ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ് നാലിനാണ് ജിഎസ്ടി കൗണ്‍സിലിന്റെ അടുത്ത യോഗം.