ദില്ലി: ഈ വര്‍ഷം 2000 രൂപയുടെ ഏറ്റവുമധികം കള്ളനോട്ടുകള്‍ പിടികൂടിയത് ഗുജറാത്തില്‍ നിന്നെന്ന് കണക്കുകള്‍. ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് കേരളത്തിന്റെ സ്ഥാനം. 2016 നവംബര്‍ 10ന് പുറത്തിറങ്ങിയ 2000 രൂപാ നോട്ടുകളുടെ 2648 വ്യാജന്മാരെ കേരളത്തില്‍ നിന്ന് പിടിച്ചു. 2017 നവംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ അനുസരിച്ചാണ് ഈ സംഖ്യ. 2016ല്‍ ആറു കള്ളനോട്ടുകളും 2017ല്‍ 2642 കള്ളനോട്ടുകളും കേരളത്തില്‍ നിന്ന് പിടിച്ചു. 

ഏറ്റവുമധികം കള്ളനോട്ടുകള്‍ കിട്ടിയ ഗുജറാത്തില്‍ കഴിഞ്ഞ വര്‍ഷം 1300 നോട്ടുകളും ഈ വര്‍ഷം 5097 നോട്ടുകളും പിടിച്ചു. മിസോറാമാണ് രണ്ടാം സ്ഥാനത്ത്. തൊട്ടുപിന്നില്‍ ഉത്തര്‍ പ്രദേശും പശ്ചിമ ബംഗാളുമുണ്ട്. ഇവര്‍ക്ക് പിന്നില്‍ അഞ്ചാം സ്ഥാനത്താണ് കേരളത്തിന്റെ സ്ഥാനം. തെലുങ്കാന, പഞ്ചാബ്, ഡല്‍ഹി, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ കേരളത്തിന്റെ പിന്നില്‍. ഈ വര്‍ഷം ആകെ 18.80 കോടിയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു. കൂടുതലും 500 രൂപാ നോട്ടുകളായിരുന്നു. കേരളത്തില്‍ ഈ വര്‍ഷം 17,766 കള്ളനോട്ടുകള്‍ പിടിച്ചു. ഇവിടെയും കൂടുതല്‍ പിടിച്ചത് 500 രൂപയുടെ വ്യാജനെ തന്നെ. 2000 രൂപാ നോട്ടുകളാണ് പിന്നെ കൂടുതലുള്ളത്.