മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സിയുടെ വിപണിമൂല്യം അഞ്ച് ലക്ഷം കോടി കവിഞ്ഞു. 

ഓഹരിസൂചികയിലുണ്ടായ കുതിപ്പിനെ തുടര്‍ന്നാണ് ബാങ്കിന്റെ വിപണി മൂല്യവും കുതിച്ചുയര്‍ന്നത്. ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസിനും റിലയന്‍സ് ഇന്‍ഡസ്ട്രീസിനും ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് എച്ച്.ഡി.എഫ്.സി ബാങ്ക്. നിലവില്‍ 5.82 ലക്ഷം വിപണി മൂല്യമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനി. 5.57 ആണ് ടിസിഎസിന്റെ വിപണി മൂല്യം. 

മുംബൈ ആസ്ഥാനമായി 1994-ലാണ് എച്ച്.ഡി.എഫ്.സി ബാങ്ക് സ്ഥാപിതമായത്. മുംബൈ വോര്‍ളിയിലെ ആദ്യത്തെ ബാങ്ക് ബ്രാഞ്ച് അന്ന് കേന്ദ്രധനമന്ത്രിയായിരുന്ന മന്മോഹന്‍സിംഗാണ് ഉദ്ഘാടനം ചെയ്തത്. പിന്നീട് 2000-ത്തില്‍ ടൈംസ് ബാങ്കിനെ എച്ച്.ഡി.എഫ്.സി ഏറ്റെടുത്തപ്പോള്‍ അത് സ്വകാര്യബാങ്കിംഗ് രംഗത്തെ ആദ്യത്തെ ലയനമായി മാറി. പിന്നീട് 2008-ല്‍ സെഞ്ചൂറിയന്‍ ബാങ്കിനെ 632 കോടിക്ക് എച്ച്.ഡി.എഫ്.സി ഏറ്റെടുത്തു.

നിലവില്‍ 4715 ബ്രാഞ്ചുകളും 12,260 എടിഎമ്മുകളുമുള്ള ബാങ്കിന് 2657 നഗരങ്ങളില്‍ സാന്നിധ്യമുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് ഹോംഗ്‌കോംഗ്, ബഹറിന്‍, ദുബായ് എന്നീ രാജ്യങ്ങളിലും എച്ച്.ഡി.എഫ്.സിക്ക് ബ്രാഞ്ചുകളുണ്ട്.