രാജ്യത്തെ വിമാനത്താവളങ്ങളിലും, റോഡുമാർഗമുള്ള അതിർത്തികളിലും , തുറമുഖങ്ങളിലും കൂടി എത്തുന്ന വിനോദ സഞ്ചാരികൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുവാനുള്ള നടപടികള്‍ റോയൽ ഒമാൻ പോലീസ് ആരംഭിച്ചു കഴിഞ്ഞു

മസ്കറ്റ്: ഒമാനിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കുന്നു. റോയല്‍ ഒമാന്‍ പോലീസുമായി ചേര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി വരുകയാണെന്ന് ക്യാപ്പിറ്റൽ മാർക്കറ്റിങ് അതോറിറ്റി അറിയിച്ചു. രാജ്യത്തെ സ്വകാര്യ മേഖലയിൽ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി അന്തിമ ഘട്ടത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. 

നൂറില്‍ അധികം തൊഴിലാളികള്‍ ഉള്ള സ്ഥാപനങ്ങള്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുക. രാജ്യത്തെ വിമാനത്താവളങ്ങളിലും, റോഡുമാർഗമുള്ള അതിർത്തികളിലും , തുറമുഖങ്ങളിലും കൂടി എത്തുന്ന വിനോദ സഞ്ചാരികൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുവാനുള്ള നടപടികള്‍ റോയൽ ഒമാൻ പോലീസ് ആരംഭിച്ചു കഴിഞ്ഞു.

രാജ്യത്തെ മുഴുവൻ മേഖലകളിലും ആരോഗ്യ പരിരക്ഷ നടപ്പിലാക്കുവാനുള്ള ഒമാൻ മന്ത്രി സഭാ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഇതോടൊപ്പം രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്തു വരുന്ന എല്ലാ തൊഴിലാളികള്‍ക്കും ആരോഗ്യ പരിരക്ഷ പ്രാവർത്തികമാക്കുവാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലെത്തി കഴിഞ്ഞുവെന്ന് അധികൃതർ വ്യക്തമാക്കി.

ഒമാൻ ആരോഗ്യ മന്ത്രാലയം, തൊഴിൽ മന്ത്രാലയം, ചേംബര്‍ ഓഫ് കൊമേഴ്‌സ് , ഇന്‍ഷ്വറന്‍സ് കമ്പനികള്‍, ആരോഗ്യ സേവന സ്ഥാപനങ്ങള്‍, തുടങ്ങിയ വിഭാഗങ്ങളുമായി സഹകരിച്ചാണ് ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നത്.

നടപടി ക്രമങ്ങൾ പൂർത്തീകരിക്കുവാൻ രൂപീകരിക്കപ്പെട്ട കമ്മിറ്റി, ഇൻഷുറൻസ് പ്രീമിയം ഉൾപ്പെടെയുള്ള മറ്റു നിയമ വശങ്ങളുടെയും പഠനങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. നൂറില്‍ അധികം തൊഴിലാളികള്‍ ഉള്ള സ്ഥാപനങ്ങള്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി പ്രാബല്യത്തില്‍ വരിക. രണ്ടാം ഘട്ടത്തില്‍ 50 മുതല്‍ 100 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് അനുവദിക്കേണ്ടിവരും