കണക്ക് അനുസരിച്ച് ഫാര്‍മ-ഹെല്‍ത്ത് കെയര്‍ രംഗങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന ശമ്പളം

ബംഗളുരു: രാജ്യത്ത് ഏറ്റവുമധികം ശമ്പളം നല്‍കുന്ന നഗരം ബംഗളുരുവാണെന്ന് കണക്കുകള്‍. റാന്‍സ്റ്റഡ് ഇന്ത്യ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പ്രധാന നഗരങ്ങളിലെ ശരാശരി ശമ്പളം സംബന്ധിച്ച വിവരമുള്ളത്. 10.8 ലക്ഷമാണ് ബംഗളുരുവില്‍ ലഭിക്കുന്ന ശരാശരി വാര്‍ഷിക ശമ്പളം. രണ്ടാം സ്ഥാനത്തുള്ള പൂനെയില്‍ 10.3 ലക്ഷവും മൂന്നാം സ്ഥാനത്തുള്ള ദില്ലിയില്‍ 9.9 ലക്ഷവും ശമ്പളം ലഭിക്കുന്നു.

മുംബൈയില്‍ 9.2 ലക്ഷമാണ് ശരാശരി ശമ്പളം. ചെന്നൈ (8 ലക്ഷം), ഹൈദരാബാദ് (7.9 ലക്ഷം), കൊല്‍ക്കത്ത (7.2 ലക്ഷം) എന്നിവയാണ് തൊട്ട് പിന്നിലുള്ള മറ്റ് നഗരങ്ങള്‍. കണക്ക് അനുസരിച്ച് ഫാര്‍മ-ഹെല്‍ത്ത് കെയര്‍ രംഗങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന ശമ്പളം. ഈ രംഗത്തുള്ളവര്‍ക്ക് ശരാശരി 9.6 ലക്ഷം രൂപ ലഭിക്കുന്നുണ്ടത്രെ. ഐ.ടി രംഗത്ത് 9.1 ലക്ഷവും റിയല്‍എസ്റ്റേറ്റ്-ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗങ്ങളില്‍ 9 ലക്ഷവും ശരാശരി ശമ്പളം ലഭിക്കുന്നു. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് 18.4 ലക്ഷം രൂപയാണ് കണക്കാക്കപ്പെടുന്ന ശമ്പളം. ഒരു ലക്ഷത്തോളം തൊഴിലുകള്‍ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.