വാഷിംഗ്ടണ്‍: എസ് ആന്‍ഡ് പി 500 കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന വനിത സിഇഒ പെപ്‌സികോ സാരഥി ഇന്ദ്ര നൂയി ആണെന്ന് റിപ്പോര്‍ട്ട്. യു.എസ്. ഓഹരി വിപണി സൂചികയിലെ 500 കമ്പനികളെയാണ് എസ് ആന്‍ഡ് പി 500 കമ്പനികള്‍ എന്ന് പറയുന്നത്. 

25.9 മില്യണ്‍ ഡോളറാണ് ഇന്ദ്ര നൂയിയുടെ പ്രതിഫലം. 25.3 മില്യണ്‍ ഡോളര്‍ പ്രതിഫലം പറ്റുന്ന ദേബ്ര കഫറോയാണ് രണ്ടാം സ്ഥാനത്തുളള ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തിനുടമ. റിയല്‍റ്റി ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റായ വെന്റാസിന്റെ സിഇഒയാണ് ദേബ്ര. മൂന്നാം സ്ഥാനത്തുളള ജനറല്‍ മോട്ടോഴ്‌സ് സിഇഒ മേരി ബാറയ്ക്ക് 21.9 മില്യണ്‍ ഡോളറാണ് പ്രതിഫലം. 

അസോസിയേറ്റ് പ്രസ്സിന് വേണ്ടി എക്‌സിക്യൂട്ടീവ് ഡാറ്റ സംരംഭമായ ഇക്വലൈസറാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കുറഞ്ഞത് രണ്ട് സാമ്പത്തിക വര്‍ഷമെങ്കിലും സിഇഒയുടെ പദവിലിരുന്നവരെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കാനയി പരിഗണിച്ചത്. വന്‍കിട കമ്പനികളുടെ മുഖ്യധാരയിലേക്ക് കടന്നുവരാന്‍ ഇപ്പോഴും വനിതകള്‍ മടിക്കുന്നെങ്കിലും ഇത്തരം ഉന്നത പദവികളിലിക്കുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ പ്രതിഫലം ലഭിക്കുന്നതായും ഇക്വലൈസര്‍ അറിയിച്ചു.