ശബരിമല വിവാദത്തെത്തുടര്‍ന്ന് വരുമാനം കുത്തനെ കുറഞ്ഞ പശ്ചാത്തലത്തില്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിനായി പ്രത്യേക സഹായവും പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ. നവകേരള നിര്‍മിതിക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റില്‍ പുനര്‍നിര്‍മാണത്തിന് തുക കണ്ടെത്താന്‍ പ്രളയ സെസ് പ്രഖ്യാപിക്കും. ശബരിമല വിവാദത്തെത്തുടര്‍ന്ന് വരുമാനം കുത്തനെ കുറഞ്ഞ പശ്ചാത്തലത്തില്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിനായി പ്രത്യേക സഹായവും പ്രഖ്യാപിച്ചേക്കും.

ഐക്യ കേരളം അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം മറികടന്ന ശേഷമുളള ആദ്യ ബജറ്റ്. ദുരിതക്കയത്തില്‍ നിന്ന് ഇനിയും കരയകയറാത്ത ആയിരങ്ങള്‍ക്കായി എന്താകും തോമസ് ഐസക് തന്‍റെ പത്താമത്തെ ബജറ്റില്‍ കരുതി വച്ചിട്ടുണ്ടാവുക ? ഒരു ശതമാനം പ്രളയ സെസ് ഏതെല്ലാം ഉല്‍പ്പന്നങ്ങള്‍ക്ക് മേലാകും ചുമത്തുക ? ഉല്‍പ്പന്ന വിലയുടെ മേലാണോ ജിഎസ്ടിയുടെ മേലാണോ സെസ്ചുമത്തുക ? ഏതായാലും പ്രളയം തകര്‍ത്തെറിഞ്ഞ ജനതയ്ക്ക് മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കില്ലെന്നാണ് ധനമന്ത്രിയുടെ ഉറപ്പ്. 

പ്രളയം ഏറ്റവുമധികം നാശം വിതച്ച ആലപ്പുഴയ്ക്കും വയനാടിനുമായി പ്രത്യേക പദ്ധതികള്‍ വന്നേക്കും. പ്രളയത്തില്‍ തകര്‍ന്ന ജീവനോപാധികള്‍ പുനസ്ഥാപിക്കാനും പ്രഖ്യാപനങ്ങളുണ്ടാകും. കെഎസ്ആര്‍ടിസിക്കുളള സഹായം തുടരും. പുനര്‍നിര്‍മാണത്തിന് ഒരു വാര്‍ഷിക പദ്ധതിയോളം തുക വേണമെങ്കിലും കേന്ദ്രം വായ്പാ പരിധി ഉയര്‍ത്താത്തത് പ്രതിസന്ധിയാണ്. അനിവാര്യമില്ലാത്ത പദ്ധതികള്‍ വെട്ടിച്ചുരുക്കും. എന്നാല്‍ കിഫ്ബി പോലെ അടക്കമുളള പദ്ധതികളില്‍ പിശുക്കുണ്ടാകില്ല.

പെരുകുന്ന റവന്യൂ കമ്മിയും ധനകമ്മിയുമാണ് ധനമന്ത്രിക്കു മുന്നിലെ വെല്ലുവിളി. ഇ വേ ബില്‍ വന്നിട്ടും നികുതിച്ചോര്‍ച്ച തുടരുന്നു. ചെലവു ചുരുക്കല്‍ പദ്ധതികളും പാളി. പ്രഖ്യാപിച്ച പദ്ധതികള്‍ പാതിഴിയിലായതാണ് പ്രതിപക്ഷത്തിന്‍റെ ആയുധം. ഓഖി ദുരിത ബാധിതര്‍ക്കായി പ്രഖ്യാപിച്ച 2000 കോടിയുടെ പദ്ധതി ഉദാഹരണം.