സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണത്തിന്റെ വില കുറയ്‌ക്കാനാവില്ലെന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ അറിയിച്ചു‍. ജി.എസ്.ടിയിലൂടെ ഭക്ഷണവില കുറയുമെന്ന ധനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഹോട്ടലുടമകള്‍ പറഞ്ഞു.

ഹോട്ടല്‍ ബില്ലുകളില്‍ ജി.എസ്.ടി ഈടാക്കേണ്ടത് അനിവാര്യമാണെന്നാണ് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറസ്റ്റ് അസോസിയേഷന്റെ നിലപാട്. ധനമന്ത്രി പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി ജൂലൈ ഒന്ന് വരെ അര ശതമാനം അനുമാന നികുതിയാണ് ഹോട്ടലുകള്‍ ഈടാക്കിയിരുന്നത്. എന്നാല്‍ ജി.എസ്.ടി വന്നതോടെ അഞ്ച് മുതല്‍ 18 ശതമാനം വരെയായി നികുതി കൂടി. ഇതിന് പുറമേയാണ് ഭക്ഷ്യസാധനങ്ങളുടെ വിലയിലുണ്ടായിരിക്കുന്ന വര്‍ദ്ധന.

ധനമന്ത്രിയുടെ കണക്ക് അനുസരിച്ച് ജി.എസ്.ടിയ്‌ക്ക് മുമ്പ് 75 രൂപയുടെ ഭക്ഷണത്തിന് നികുതി ഇനത്തില്‍ ഈടാക്കിയിരുന്നത് 3.45 രൂപയാണ്. അതായത് നികുതി ഒഴിവാക്കിയാല്‍ ഭക്ഷണത്തിന്‍റെ വില 71.55 രൂപ. ഇതിന്റെ കൂടെ അഞ്ച് ശതമാനം ജി.എസ്.ടി ചേര്‍ത്താല്‍ ഇപ്പോഴും നല്‍കേണ്ടത് 75 രൂപ മാത്രം. എന്നാല്‍ ഇത് ശരിയല്ലെന്നാണ് ഹോട്ടലുടമകളുടെ നിലപാട്. 75 രൂപയുടെ ഭക്ഷണത്തിന് 38 പൈസ മാത്രമായിരുന്നു നികുതി. ഹൈക്കോടതി വിധി അനുസരിച്ച് സേവന നികുതി ഈടാക്കിയിരുന്നുമില്ല. അതുകൊണ്ട് തന്നെ വില കുറയ്‌ക്കാതെ ജി.എസ്.ടി ഈടാക്കി മുന്നോട്ട് പോകാനാണ് ഹോട്ടലുടമകളുടെ തീരുമാനം. ചുരുക്കത്തില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ധനമന്ത്രി പറഞ്ഞ ചരക്ക് സേവന നികുതിയുടെ ഒരു ആനുകൂല്യവും ജനങ്ങള്‍ക്ക് ലഭിക്കില്ലെന്ന് സാരം.