തിരുവനന്തപുരം: ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നതിന് ശേഷം പണികിട്ടിയത് ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ്. നേരത്തെ പ്രത്യകം നികുതിയൊന്നും ഈടാക്കാതിരുന്ന ഹോട്ടലുകളില്‍ പലതും 18 ശതമാനം നികുതി ഈടാക്കിയത് ഭക്ഷണത്തിന്റെ ബില്ലില്‍ കാര്യമായ വര്‍ദ്ധനവുണ്ടാക്കി. പല ഹോട്ടലുകളില്‍ പല തരത്തില്‍ നികുതി ഈടാക്കിയതും ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കി. ഉല്‍പ്പന്നങ്ങള്‍ക്ക് എന്ന പോലെ ഹോട്ടല്‍ സേവനത്തിനും വ്യത്യസ്ഥ സ്ലാബുകളിലായാണ് ജി.എസ്.ടി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഹോട്ടലുകളിലെ വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണ് ജി.എസ്.ടിയില്‍ അവയെ വിവിധ തട്ടുകളായി തിരിച്ചിരിക്കുന്നത്. വര്‍ഷത്തില്‍ പരമാവധി 20 ലക്ഷം രൂപ വരെ വിറ്റുവരവുള്ള ഹോട്ടലുകള്‍ക്ക് ജി.എസ്.ടി ബാധകമല്ല. ഇതിന് മുകളില്‍ 75 ലക്ഷം വരെ വാര്‍ഷിക വിറ്റുവരവുള്ള ഹോട്ടലുകള്‍ക്കെല്ലാം അഞ്ച് ശതമാനം ജി.എസ്.ടിയാണ് ബാധകമാവുന്നത്. ചെറുകിട ഹോട്ടലുകളെല്ലാം ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. 75 ലക്ഷത്തിന് മുകളില്‍ വിറ്റുവരവുള്ളതും എ.സി ഇല്ലാത്തതുമായ ഹോട്ടലുകള്‍ക്ക് 12 ശതമാനം ജി.എസ്.ടി ബാധകമാവും. 75 ലക്ഷം വിറ്റുവരവുള്ളതും എ.സി ഉള്ളതുമായ ഹോട്ടലുകള്‍ക്ക് 18 ശതമാനം ജി.എസ്.ടി സ്ലാബാണ് ബാധകമായി വരുന്നത്. എന്നാല്‍ ഇതിനെല്ലാം പുറമേയുള്ള മറ്റൊരു നിബന്ധനയാണ് സംസ്ഥാനത്തെ മിക്ക ഹോട്ടലുകള്‍ക്കും വിനയാകുന്നത്. ഹോട്ടലില്‍ എ.സി ഉണ്ടെങ്കില്‍ പിന്നെ വിറ്റുവരവ് കണക്കാക്കില്ല. പകരം 18 ശതമാനം നികുതി തന്നെ ഈടാക്കും. കേരളത്തിലെ ചെറിയ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇടത്തരം ഹോട്ടലുകളില്‍ പോലും എ.സി ഉള്ളതിനാല്‍ ഇവയിലെല്ലാം 18 ശതമാനം ജി.എസ്.ടി ബാധകമാവും. ആഡംബര-നക്ഷത്ര ഹോട്ടലുകളിലും ഇതേ നികുതി തന്നെയാണ് ഈടാക്കുന്നത്. ഫലത്തില്‍ കേരളത്തിലെ ഇടത്തരം ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് പോലും നക്ഷത്ര ഹോട്ടലുകളിലേതിന് സമാനമായ ജി.എസ്.ടി നല്‍കേണ്ടി വരുന്നു.

ഹോട്ടലുകളിലെ വില വര്‍ദ്ധന പിന്‍വലിക്കാന്‍ കഴിയില്ലെന്നാണ് ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷനും ഇന്ന് പ്രതികരിച്ചത്. ജൂലൈ ഒന്ന് വരെ അര ശതമാനം അനുമാന നികുതി മാത്രമാണ് ഇടാക്കിയിരുന്നതെന്ന് അസോസിയേഷന്‍ പറയുന്നു. ഹൈക്കോടതി വിധി അനുസരിച്ച് സേവന നികുതി ഈടാക്കിയിരുന്നുമില്ല. എന്നാല്‍ ജി.എസ്.ടി വന്നതോടെ അഞ്ച് മുതല്‍ 18 ശതമാനം വരെയായി നികുതി കൂടിയതിനാല്‍ വില കുറയ്‌ക്കാതെ ജി.എസ്.ടി ഈടാക്കി മുന്നോട്ട് പോകാനാണ് ഹോട്ടലുടമകളുടെ തീരുമാനം.