തിരുവനന്തപുരം: ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനമനുസരിച്ച് മാറ്റം വരുത്തിയ നികുതി നിരക്കുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതനുസരിച്ച് രാജ്യത്ത് ഹോട്ടല്‍ ഭക്ഷണത്തിനും ഇരുനൂറിലേറെ ഇതര ഉല്‍പ്പന്നങ്ങള്‍ക്കും ഇന്നു മുതല്‍ വില കുറയും. എ.സിയുള്ള ഹോട്ടലുകളില്‍ 18 ശതമാനവും എ.സി ഇല്ലാത്ത ഹോട്ടലുകളില്‍ 12 ശതമാനവുമാണ് ഇപ്പോള്‍ ജി.എസ്.ടി ഈടാക്കുന്നത്. ഇന്നു മുതല്‍ എല്ലാ വിഭാഗം ഹോട്ടലുകളിലും അഞ്ച് ശതമാനം മാത്രമായിരിക്കും ജി.എസ്.ടി

നികുതി കുറച്ചെങ്കിലും ഇതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാതെ വില കൂട്ടി വില്‍ക്കാനുള്ള സാധ്യതയുണ്ട്. ഇത് പരിശോധിക്കാന്‍ സംസ്ഥാന ജി.എസ്,ടി വകുപ്പ് കടകളില്‍ പരിശോധനയും നടത്തുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്കും ജി.എസ്.ടി വകുപ്പിനെ സമീപിച്ച് പരാതി നല്‍കാം. 18ഉം 12ഉം ശതമാനം നികുതികള്‍ ഒറ്റയടിക്ക് അഞ്ചു ശതമാനമായി കുറയുന്നതിനാല്‍ ഇന്നു മുതല്‍ ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്കു കാര്യമായ വിലക്കുറവുണ്ടാകണം. ഇന്നലെ വരെ ഈടാക്കിയ അതേ വില തന്നെ ഭക്ഷണത്തിന് ഇന്നും ഈടാക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ കബളിപ്പിക്കപ്പെടുകയാണ്. ഭക്ഷണ സാധനങ്ങളുടെ അടിസ്ഥാന വില അങ്ങനെ തന്നെ നിലനിര്‍ത്തുകയും നികുതി മാത്രം കുറയ്ക്കുകയുമാണ് ചെയ്യേണ്ടത്. ഇത് കൃത്യമായി ചെയ്യുന്നുണ്ടോ എന്ന് മനസിലാക്കാന്‍ സംസ്ഥാനത്തെ നാലായിരത്തിലധികം ഹോട്ടലുകളിലെ ബില്ലുകള്‍ ജി.എസ്.ടി വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇവ അടിസ്ഥാനമാക്കി കര്‍ശന പരിശോധന നടത്തും