ഹോട്ടൽ ഭക്ഷണത്തിന് കേന്ദ്ര സർക്കാർ നടപ്പാക്കിയ ജിഎസ്‍ടി ഇളവ് കർശനമായി നടപ്പാക്കണമെന്ന് ഉപഭോക്താക്കൾ. ജിഎസ്‍ടിയുടെ പേരിൽ ഭക്ഷണവില കൂടരുത്. ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി ഹോട്ടലുകൾ നികുതി കുറച്ചു.
ഹോട്ടൽ ഭക്ഷണത്തിന്റെ ചരക്ക് സേവന നികുതി പരമാവധി 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചതിനെ സ്വാഗതം ചെയ്യുകയാണ് ഉപഭോക്താക്കൾ. എന്നാൽ ഇത് നടപ്പാകുമോയെന്നാണ് പലരുടെയും സംശയം. നികുതി കുറയുമ്പോൾ ചില ഹോട്ടലുകളെങ്കിലും ഭക്ഷണ വില ഉയർത്തുമെന്നും ഇക്കൂട്ടർ സംശയിക്കുന്നു. ഹോട്ടലുടമകൾ തങ്ങളിൽ നിന്ന് ഈടാക്കുന്ന നികുതി സർക്കാരിലേക്ക് കൃത്യമായി ഒടുക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ഉപഭോക്താക്കൾ ആവശ്യപ്പെടുന്നു.
എന്നാൽ ഇത്തരം ആശങ്കയ്ക്കൊന്നും അടിസ്ഥാനമില്ലെന്നാണ് ഹോട്ടലുടമകളുടെ നിലപാട്. വില ഉയരുന്ന സാഹചര്യമില്ല. ഈ മാസം 15 മുതൽ നികുതി കുറച്ചാൽ മതിയെന്നാണ് നിർദ്ദേശമെങ്കിലും പലരും ഇതിനകം ജിഎസ്ടി അഞ്ച് ശതമാനമാക്കി കഴിഞ്ഞു.
അതേസമയം ജിഎസ്‍ടി കുറച്ചതിൽ ഒരു വിഭാഗം ഹോട്ടലുടമകൾക്ക് ആശങ്കയുണ്ട്. ചെറുകിട ഹോട്ടലുകൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാതെ കോന്പൗണ്ടിംഗ് വ്യവസ്ഥയിൽ അഞ്ച് ശതമാനം നികുതിയാണ് നൽകുന്നത്. അടുത്ത 15 മുതൽ പഞ്ചനക്ഷത്ര പദവിയിൽ താഴെയുള്ള ഹോട്ടലുകളും അഞ്ച് ശതമാനം നികുതി ഈടാക്കാൻ തുടങ്ങുന്പോൾ കച്ചവടം കുറയുമോ എന്നാണ് ഇവരുടെ ആശങ്ക.
