കൊച്ചി: ജി.എസ്.ടിയില്‍ നികുതി കുറച്ചിട്ടും ചിക്കന്റെ വില കൂടുന്നതില്‍ പ്രതിഷേധിച്ച് ഹോട്ടലുകളില്‍ ചിക്കന്‍ ബഹിഷ്കരിക്കാന്‍ തീരുമാനം. വരുന്ന വ്യാഴാഴ്ചക്കുള്ളില്‍ വില കുറഞ്ഞില്ലെങ്കില്‍ ഹോട്ടലുകളില്‍ കോഴിയിറച്ചി വിഭവങ്ങള്‍ വിളമ്പില്ലെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് ഓണേഴ്സ് അസോസിയേഷന്‍ അറിയിച്ചു.
ജി.എസ്.ടി നടപ്പാക്കിയതിന് ശേഷവും സംസ്ഥാനത്ത് കോഴി വില വന്‍തോതില്‍ ഉയരുകയാണ്. നേരത്തെയുണ്ടായിരുന്ന നികുതി ഒഴിവാക്കിയ ശേഷവും വില കൂടുന്നതില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടും വില കുറയ്ക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. ഇന്നു മുതല്‍ കിലോയ്ക്ക് 87 രൂപയ്ക്ക് മുകളില്‍ ചിക്കന് വില ഈടാക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് ചിക്കന്‍ വ്യാപാരികള്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കുകയാണ്. കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് കോഴി കയറ്റി അയക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് വരുന്ന വ്യാഴാഴ്ചക്ക് മുമ്പ് വില കുറച്ചില്ലെങ്കില്‍ ചിക്കന്‍ വിഭവങ്ങള്‍ വിളമ്പേണ്ടെന്ന തീരുമാനത്തിലേക്ക് ഹോട്ടല്‍ ഉടമകള്‍ എത്തിച്ചേര്‍ന്നത്.
