ദില്ലി: ഹോട്ടലുകളില്‍ ഉപഭോക്താക്കള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മാത്രം സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കിയാല്‍ മതിയെന്ന കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണത്തിനെതിരെ ഹോട്ടലുടമകളുടെ സംഘടന രംഗത്തെത്തി. സര്‍വ്വീസ് ചാര്‍ജ്ജ് കൊടുക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് നാഷനല്‍ റസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവന പറയുന്നു.
ഉപഭോക്താക്കളുടെ അനുവാദം കൂടാതെ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്നവര്‍ക്കെതിരെ ഉദ്ദ്യോഗസ്ഥര്‍ കര്‍ശന നടപടിയെടുക്കുമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്നത് പൊതുവെ അംഗീകരിക്കപ്പെട്ട സാധാരണ രീതിയാണെന്നായിരുന്നു ഹോട്ടലുടമകളുടെ സംഘടന വാദിച്ചത്. സര്‍വ്വീസ് ചാര്‍ജ്ജ് ഇഷ്ടമുള്ളവര്‍ മാത്രം നല്‍കിയാല്‍ മതിയെന്ന കാര്യം ഹോട്ടലുകള്‍ പൊതുജനങ്ങള്‍ക്ക് കാണാവുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന് തിങ്കളാഴ്ച കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിരുന്നു. നിരവധി ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. അഞ്ച് മുതല്‍ 20 ശതമാനം വരെ സര്‍വ്വീസ് ചാര്‍ജ്ജ് ഹോട്ടലുകള്‍ നിര്‍ബന്ധപൂര്‍വ്വം വാങ്ങുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലും വ്യക്തമായി.
