തിരുവനന്തപുരം: ചരക്ക് സേവന നികുതിയിലെ പ്രശ്നങ്ങള്‍ കാരണം സംസ്ഥാനത്തെ റസ്റ്റോറന്റുകള്‍ എ.സി ഒഴിവാക്കുന്നു. അശാസ്ത്രീയമായി നികുതി ഘടന നിര്‍ണ്ണയിച്ചത് വഴി നേരത്തെ ഒരു നികുതിയും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാതിരുന്ന റസ്റ്റോറന്റുകള്‍ ഇപ്പോള്‍ 18 ശതമാനം നികുതിയാണ് ഈടാക്കേണ്ടി വരുന്നത്. റസ്റ്റോറന്റിലെ ഏതെങ്കിലും ഭാഗത്ത് ഒരു എ.സി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍, എ.സി ഇല്ലാത്ത സ്ഥലത്തിരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ പോലും 18 ശതമാനം നികുതി നല്‍കണം. പാഴ്സല്‍ വാങ്ങുന്നവരില്‍ നിന്നുപോലും ഭീമമായ നികുതി വാങ്ങേണ്ടി വരുന്നതോടെ ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞപ്പോഴാണ് ഹോട്ടലുകള്‍ എ.സി ഇളക്കി മാറ്റി നികുതിക്ക് ആശ്വാസം നല്‍കുന്നത്.

നിലവില്‍ 25 ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള റസ്റ്റോറന്റുകള്‍ക്കാണ് ജി.എസ്.ടി ഇല്ലാത്തത്. 75 ലക്ഷം വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ അഞ്ച് ശതമാനം ജി.എസ്.ടി ഈടാക്കും. കേരളത്തിലെ ചെറിയ നഗരങ്ങളിലുള്ള ഇടത്തരം റസ്റ്റോറന്റുകള്‍ പോലും ഇതിലും 'ആഢംബര' വിഭാഗങ്ങളിലാണ് ഉള്‍പ്പെടുന്നത്. 75 ലക്ഷത്തിന് മുകളില്‍ വിറ്റുവരവുള്ള ഹോട്ടലുകളില്‍ എ.സി ഉണ്ടെങ്കിലോ മദ്യം വിളമ്പുമെങ്കിലോ 18 ശതമാനം നികുതി നല്‍കണം. എ.സി ഇല്ലാത്ത ഹോട്ടലുകളില്‍ 12 ശതമാനമാണ് നികുതി. എ.സി ഹോട്ടലുകളില്‍ എ.സി ഇല്ലാത്ത സ്ഥലത്തിരുന്ന ഭക്ഷണം കഴിച്ചാലും 18 ശതമാനം നികുതി നല്‍കണം. പാഴ്സല്‍ വാങ്ങിയാലും കൊടുക്കണം 18 ശതമാനം. ഇതോടെ എ.സി ഹോട്ടലുകളില്‍ നിന്ന് സ്ഥിരം ഉപഭോക്താക്കള്‍ പോലും അകന്നു. 

നോണ്‍ എ.സി ഹോട്ടലുകളിലെ എ.സി റൂമുകളില്‍ കയറുന്നവര്‍ നേരത്തെ കുറവായിരുന്നു. എന്നാല്‍ എന്തായാലും 18 ശതമാനം നികുതി കൊടുക്കണം എന്നാല്‍ പിന്നെ എ.സിയില്‍ തന്നെ ഇരിക്കാമെന്നായി പലരുടെയും മനോഭാവം. 12 ശതമാനവും 18 ശതമാനവും മനസിലാകാത്തവര്‍ ഹോട്ടലുകളില്‍ ബഹളമുണ്ടാക്കുന്നതും പതിവാണ്. ഇതൊക്കെ കാരണം എ.സി ഇളക്കി മാറ്റുകയാണ് പല ഹോട്ടലുടമകളും. 18 ശതമാനം നികുതി 12 ആക്കിയെങ്കിലും കുറയ്ക്കാമെന്നുള്ള ആശ്വാസമാണ് ഇതിന് പ്രേരിപ്പിക്കുന്നത്. ജി.എസ്.ടിക്ക് മുമ്പ് അര ശതമാനം അനുമാന നികുതി മാത്രം നല്‍കിയിരുന്ന ഹോട്ടലുകളാണ് ഇവയില്‍ മിക്കതും. ഇതാവട്ടെ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയിരുന്നുമില്ല.