അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ജി എസ് ടി നിലവില്‍ വന്നു. ചരക്കുസേവന നികുതി നിലവില്‍ വന്നതോടെ രാജ്യത്തെ നികുതിഘടനയില്‍ സമൂലമായ മാറ്റം വന്നിരിക്കുകയാണ്. വിവിധ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വില കൂടുകയും കുറയുകയും ചെയ്തിട്ടുണ്ട്. ജി എസ് ടി നിലവില്‍ വന്നതോടെ എടിഎം ഇടപാടുകളുടെ സേവന നിരക്കിലും മാറ്റം വന്നിട്ടുണ്ട്. ജൂലൈ ഒന്നിന് മുമ്പ് ബാങ്കിംഗ് സേവനങ്ങള്‍ക്ക് 15 ശതമാനമായിരുന്നു നികുതെയങ്കില്‍, ജൂലൈ ഒന്നിന് ജിഎസ്‌ടി നിലവില്‍ വന്നതോടെ ഇത് 18 ശതമാനമായി മാറിയിട്ടുണ്ട്. അതായത്, 100 രൂപയ്‌ക്കുള്ള സേവനത്തിന് ഇനിമുതല്‍ മൂന്ന് രൂപ അധികം നല്‍കേണ്ടിവരും. ബാങ്കിംഗ് സേവനങ്ങളുടെ പരിധിയില്‍ വരുന്ന എടിഎം ഇടപാടുകള്‍ക്കും ഈ മാറ്റം ബാധകമായിരിക്കും. സൗജന്യ ഇടപാടകള്‍ക്ക് മുകളിലുള്ള എടിഎം ഉപയോഗത്തിനുള്ള സേവന നിരക്കിലാണ് മാറ്റം വരുക. ബാലന്‍സ് പരിശോധന, പണം പിന്‍വലിക്കല്‍, ഡെപ്പോസിറ്റ്, മിനി സ്റ്റേറ്റ്മെന്‍റ്, പണം കൈമാറ്റം തുടങ്ങിയ എടിഎം ഇടപാടുകള്‍ക്കാണ് സൗജന്യപരിധി കഴിഞ്ഞുള്ള സേവനനിരക്കില്‍ വര്‍ദ്ധന വരുന്നത്.
ഉദാഹരണത്തിന് എസ്ബിഐ നിലവിലുള്ള നാലു സൗജന്യ ഇടപാടുകള്‍ക്ക് മുകളിലുള്ള ഓരോ എടിഎം ഉപയോഗത്തിനും 20 രൂപയും 15 ശതമാനം സേവനനികുതിയുമാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ജി എസ് ടി വന്നതോടെ 20 രൂപയ്‌ക്ക് പുറമെ സേവനനികുതിയായി 18 ശതമാനം തുക കൂടി അധികം നല്‍കേണ്ടിവരും.
അതുപോലെ എടിഎം ഇടപാടുകള്‍ ഉപഭോക്താക്കളെ അറിയിച്ചുകൊണ്ടുള്ള എസ്എംഎസ്, ഇ-മെയില്‍ സേവനങ്ങള്‍ക്ക് ബാങ്ക് ഈടാക്കുന്ന സേവന നിരക്കിലും വര്‍ദ്ധനയുണ്ടാകും.
ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പുറമെ വിവിധ സേവനങ്ങള്‍ക്കുള്ള ക്രഡിറ്റ് കാര്‍ഡ് ഉപയോഗത്തിനും അധികനിരക്ക് നല്‍കേണ്ടിവരും.
