Asianet News MalayalamAsianet News Malayalam

നോട്ട് നിരോധനം സംസ്ഥാനത്തിന് സമ്മാനിച്ചത് വന്‍ വരുമാന നഷ്ടം

huge financial crisis due to demonetisation in kerala
Author
First Published Dec 29, 2016, 5:01 AM IST

കൈ നഷ്‌ടം വന്നാലും അന്നന്നത്തെ ചെലവു തീര്‍ത്ത് കഷ്‌ടിച്ച് കഴിഞ്ഞു പോകണമെന്ന അടിസ്ഥാന വിഭാഗത്തിന്റെ ചിന്ത സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥക്ക്തന്നെ തിരിച്ചടിയായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കയ്യില്‍ കാശില്ലാത്തതിനാല്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നില്ല. വില്‍പന നികുതി ഇനത്തില്‍ മാത്രം ഒന്‍പത് ശതമാനം നെഗറ്റീവ് വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. ഏറ്റവും അധികം വരുമാനമുണ്ടാക്കിയിരുന്ന ബിവറേജസ് കോര്‍പറേഷന്റെ വിറ്റുവരവില്‍ ഒറ്റമാസം കൊണ്ടുണ്ടായത് 27.3 ശതമാനം കുറവുണ്ടായി. എക്‌സൈസ് വകുപ്പിന്റെ ആകെ വരുമാനത്തിലും പ്രതീക്ഷിച്ച വളര്‍ച്ചയില്ല. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വെറും നാല് കോടി രൂപ മാത്രമാണ് കൂടുതല്‍.

രജിസ്‍ട്രേഷന്‍ ഇടപാടുകളും വന്‍ നഷ്‌ടത്തിലാണ്. 67,416 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കഴിഞ്ഞ നവംബറിനെ അപേക്ഷിച്ച് ഇത്തവണ 14,964 എണ്ണം കുറവ്. ഇതുവഴി ഒറ്റമാസത്തെ നഷ്‌ടം 36 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ലോട്ടറി മേഖല രേഖപ്പെടുത്തിയതും അഞ്ച് ശതമാനം നെഗറ്റീവ് വളര്‍ച്ചയാണ്. ശമ്പളവും ക്ഷേമ പെന്‍ഷനും അടക്കമുള്ള ചെലവുകള്‍ക്ക് സര്‍ക്കാറിന്റെ കയ്യില്‍ പണമുണ്ടെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാല്‍ അതിരൂക്ഷമായ കറന്‍സി ക്ഷാമമാണ്. റിസര്‍വ്വ് ബാങ്കില്‍ നിന്ന് കിട്ടയത് ആവശ്യപ്പെട്ട കറന്‍സിയുടെ 40 ശതമാനം മാത്രം. വിനിമയം കുറഞ്ഞ സാഹചര്യത്തില്‍ അടുത്ത മാസം പ്രതിസന്ധിക്ക് ആഴമേറുമെന്നാണ് ആശങ്ക.

Follow Us:
Download App:
  • android
  • ios