ഐസ്‌ക്രീം ഇഷ്‌ടപ്പെടാത്തവരുണ്ടോ? ഉണ്ടാകില്ലെന്ന് തന്നെ പറയാം. എന്നാല്‍ ഐസ്‌ക്രീമിന് വില വര്‍ദ്ധിക്കാന്‍ പോകുന്നുവെന്നതാണ് പുതിയ വാര്‍ത്ത. രാജ്യത്തെ പ്രമുഖ ഐസ്‌ക്രീം നിര്‍മ്മാതാക്കളായ അമൂല്‍, മദര്‍ ഡയറി, ക്രീം ബെല്‍ എന്നിവരൊക്കെ ഐസ്‌ക്രീമിന് വില വര്‍ദ്ധിപ്പിക്കാന്‍ പോകുകയാണ്. അഞ്ചു മുതല്‍ എട്ടു ശതമാനം വരെ വര്‍ദ്ധിപ്പിക്കാനാണ് നീക്കം. സ്വാഭാവികമായും, ചെറുകിട വ്യാപാരികളും വില വര്‍ദ്ധിപ്പിക്കും. അങ്ങനെയെങ്കില്‍ പൊതുവെ ഐസ്‌ക്രീമിന് വില കൂടും. ഐസ്‌ക്രീം നിര്‍മ്മിക്കുന്നതിന് ആവശ്യമായ പാല്‍, പാല്‍പ്പൊടി, പഞ്ചസാര എന്നിവയുടെ വില വര്‍ദ്ധിച്ചതാണ് ഐസ്‌ക്രീമിന് വില കൂട്ടാന്‍ നിര്‍ബന്ധിതമായതെന്നാണ് ഉല്‍പാദകര്‍ പറയുന്നത്. പ്രമുഖ ഉല്‍പാദകര്‍ 2014-15 വര്‍ഷത്തിലാണ് ഐസ്‌ക്രീമിന് വില കൂട്ടിയത്. പുതുക്കിയ വില പ്രകാരം പ്രമുഖ ഐസ്‌ക്രീം ബ്രാന്‍ഡുകള്‍ക്ക് അഞ്ചു മുതല്‍ പത്തു രൂപ വരെ വില വര്‍ദ്ധിക്കുമെന്നാണ് സൂചന.