ദില്ലി: രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ വൊഡാഫോണും ബിര്‍ള ഗ്രൂപ്പിന്റെ ഐഡിയയും ലയിക്കാന്‍ ഔദ്യോഗിക ധാരണയായി. ലയനത്തോടെ വൊഡാഫോണിന് ഐഡിയയില്‍ 45 ശതമാനം ഓഹരികള്‍ സ്വന്തമാകും. 26 ശതമാനം ഓഹരികളാകും ഐഡിയക്ക് ലഭിക്കുക. രണ്ട് കമ്പനികള്‍ക്കും ഡയറക്ടര്‍ ബോര്‍ഡിലേക്ക് മൂന്ന് വീതം ഡയറക്ടര്‍മാരെ നോമിനേറ്റ് ചെയ്യാനും ധാരണയായി. എന്നാല്‍ ഐഡിയക്കായിരിക്കും ചെയര്‍മാനെ നിയമിക്കാനുള്ള അധികാരം.

ലയനത്തോടെ 40 കോടിയോളം വരിക്കാരെ സംയുക്ത കമ്പനിക്ക് സ്വന്തമാകുമെന്നാണ് കണക്കാക്കുന്നത്. 24 മാസത്തിനുള്ളില്‍ ലയന നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ഇരുകമ്പനികളും അറിയിച്ചു. ലയനം പൂര്‍ണമാകുന്നതോടെ രാജ്യത്തെ ഏറ്റവും ടെലികോം കമ്പനിയായി ഇത് മാറും.ഇന്ത്യയിലെ ടെലികോം വിപണിയുടെ 42ശതമാനവും പുതിയ സംയുക്ത കമ്പനിയാകും കൈകാര്യം ചെയ്യുക. റിലയന്‍സ് ജിയോയുടെ കടന്നുവരവ് ടെലികോം മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധിയാണ് ഐഡിയ സെല്ലുലാറും വൊഡാഫോണും ഒന്നിക്കാനുള്ള സാധ്യതകളിലേക്ക് വഴി തുറന്നത്.

എട്ടുമാസം നീണ്ട ചര്‍ച്ചകള്‍ക്കെടുവിലാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഐഡിയയും ബ്രിട്ടീഷ് കമ്പനിയായ വൊഡാഫോണും തമ്മില്‍ ലയിക്കാന്‍ ധാരണയായത്. റിലയന്‍സ് ജിയോയും നിലവില്‍ രാജ്യത്തെ രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെലും പുതിയ ലയന സംരംഭത്തില്‍ നിന്നും കടുത്ത മത്സരം നേരിടും.