മുംബൈ: ലക്ഷ്യമിട്ടതിലും നേരത്തെ ലയന നടപടികള്‍ പൂര്‍ത്തിയാക്കി ടെലികോം ഭീമന്‍മാരായ ഐഡിയയും വോഡാഫോണും ഒന്നാവുന്നു. വരുന്ന എപ്രില്‍ മുതല്‍ ഇരുകമ്പനികളും ഒറ്റകമ്പനിക്ക് കീഴിലാവും പ്രവര്‍ത്തിക്കുകയെന്ന് ദേശീയമാധ്യമമായ ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനികളുടെ ലയനത്തിന് കേന്ദ്ര കമ്പനി നിയമ ട്രൈബ്യൂണല്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇന്ന് ടെലികോം വകുപ്പിന്റെ അംഗീകാരം കൂടി ലഭിക്കുന്നതോടെ ലയനനടപടികള്‍ നിയമപരമായിപൂര്‍ത്തിയാവും. 

ടെലികോം വകുപ്പിന്റെ അംഗീകാരം നേടിയ ശേഷം പുതിയ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള അംഗങ്ങളെ നിശ്ചയിക്കുന്നതടക്കമുള്ള നടപടികള്‍ അവശേഷിക്കുന്നുണ്ട്. ബ്രിട്ടണ്‍ ആസ്ഥാനമായ വോഡഫോണ്‍ ഗ്രൂപ്പിനും ഐഡിയയുടെ ഉടമകളായ ആദിത്യ ബിര്‍ളാ ഗ്രൂപ്പിനും തുല്യപങ്കാളിത്തമുള്ളതായിരിക്കും പുതിയ കമ്പനി. 

ലയനം പൂര്‍ത്തിയാവുന്നതോടെ ലോകത്തിലെ രണ്ടാമത്തേയും ഇന്ത്യയിലെ ഒന്നാമത്തേയും ടെലികോം കമ്പനിയായി വോഡാഫോണ്‍-ഐഡിയ സംയുക്തസംരംഭം മാറും. 40 കോടി ഉപഭോക്താക്കളുള്ള ഈ കമ്പനിയുടെ വിപണിവിഹിതം 35 ശതമാനവും വരുമാനവിഹിതം 41 ശതമാനവുമായിരിക്കും. 81,600 കോടി രൂപയുടെ വരുമാനവും 24,400 കോടി രൂപയുടെ പ്രവര്‍ത്തനലാഭവുമായാവും പുതിയ കമ്പനി പ്രവര്‍ത്തനം തുടങ്ങുക. മുകേഷ് അംബാനിയുടെ ജിയോ ഉയര്‍ത്തിയ കടുത്ത മത്സരത്തെ അതിജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുകമ്പനികളും ലയിച്ച് ഒന്നാവുന്നത്.